നാമക്കുഴിയിൽ ഓർമ സ്മാഷുകളുടെ ഇടിമുഴക്കം
text_fieldsവനിത സ്പോർട്സ് അക്കാദമിയിൽ പരിശീലനം നടത്തുന്ന കായിക പ്രതിഭകൾ
വൈക്കം: തീപാറുന്ന സ്മാഷുകളും കിറുകൃത്യമായ േബ്ലാക്കുകളുമായി എണ്ണമറ്റ കളിക്കളങ്ങളിൽ ആവേശത്തിന്റെ ഇടിമുഴക്കങ്ങൾ തീർത്ത നാമക്കുഴി സഹോദരിമാർ ജന്മനാടിന്റെ സ്നേഹക്കൂട്ടത്തിലേക്ക് വീണ്ടും ഒരുമിക്കുന്നു. മാർച്ച് എട്ടിന് വനിത ദിനത്തിൽ അന്താരാഷ്ട്ര വോളി താരങ്ങളായ നാമക്കുഴി സിസ്റ്റേഴ്സിന് കോട്ടയം വെള്ളൂരിനു സമീപം നാമക്കുഴിയിൽ ജന്മനാട് ആദരം അർപ്പിക്കും.
നാമക്കുഴി സഹോദരിമാരിൽപ്പെട്ട മുൻ ഡിവൈ.എസ്.പി വി.കെ. സാറാമ്മയും
മുൻ സർക്കിൾ ഇൻസ്പെക്ടർ എൻ. അമ്മിണിയും വനിത സ്പോർട്സ് അക്കാദമിയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു (ഫയൽ ചിത്രം)
അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിതയായ കെ.സി. ഏലമ്മ, പി.സി. ഏലിയാമ്മ, പി.കെ. ഏലിയാമ്മ, കെ.വി. സാറാമ്മ, ലീല, വി.വി. അന്നക്കുട്ടി, നളിനി, അച്ചാമ്മ തുടങ്ങി ഒരുകാലത്ത് കേരള വനിത വോളിബാൾ ടീം തന്നെയായിരുന്ന നാമക്കുഴി സിസ്റ്റേഴ്സ് ഏതാണ്ട് കാൽ നൂറ്റാണ്ടിന്റെ ഇടവേളക്കു ശേഷമാണ് സ്വന്തം കളി മൈതാനിയിൽ വീണ്ടും ഒരുമിച്ചു കൂടുന്നത്. കേരളം ആദ്യമായി ദേശീയ വോളി കിരീടം ചൂടിയത് നാമക്കുഴി സിസ്റ്റേഴ്സ് എന്ന പേരിൽ പ്രസിദ്ധമായ ഇവരുടെ കരുത്തിലായിരുന്നു.
ഡാൽമിയ സിമന്റ്സും പൗരാവലിയും ചേർന്ന് വൈകുന്നേരം 4.30ന് നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കുന്ന ചടങ്ങിൽ മുൻ വോളി താരം കൂടിയായ മാണി സി. കാപ്പൻ എം.എൽ.എ, മുൻ മന്ത്രി അനൂപ് ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും. വനിത സ്പോർട്സ് അക്കാദമിയുടെ കീഴിൽ ഫുട്ബാൾ പരിശീലനം നടത്തുന്ന നൂറോളം പെൺകുട്ടികളും ചടങ്ങിനെത്തും.
പി.കെ. ഏലിയാമ്മയുടെയും കെ.വി. സാറാമ്മയുടെയും അടുത്ത ബന്ധുവായ ജോമോൻ ജേക്കബിന്റെ ശിക്ഷണത്തിൽ ഫുട്ബാൾ, ഫുട്സാൽ, ഹോക്കി പരിശീലനം നടത്തിവരുന്ന കുട്ടികളും വനിത സ്പോർട്സ് അക്കാദമിയും നാമക്കുഴി സ്കൂളും ഏറെ പ്രതീക്ഷയോടെയാണ് മുൻ രാജ്യാന്തര താരങ്ങളുടെ വരവിനെയും ആദര ചടങ്ങിനെയും കാണുന്നത്. സ്പോർട്സ് അക്കാദമിക്കും നാമക്കുഴി സ്കൂളിനും സൗകര്യങ്ങൾ ഒരുക്കി നൽകിയാൽ നാടിനു മാത്രമല്ല, രാജ്യത്തിനു തന്നെയും വൻ സംഭാവനകൾ നൽകാൻ കഴിയുന്ന എണ്ണമറ്റ രാജ്യാന്തര താരങ്ങൾ ഇനിയും ഇവിടെ നിന്ന് പിറവിയെടുക്കുമെന്നാണു നാട്ടുകാർ സ്വപ്നം കാണുന്നത്.
ചാമ്പ്യൻഷിപ്പുകളിൽ 45000 രൂപയോളം വിലയുള്ള ഹോക്കി സ്റ്റിക്കുകളും ക്രിക്കറ്റ് ബാറ്റുമായി എതിരാളികൾ കളത്തിലിറങ്ങുമ്പോൾ കോട്ടയം ജില്ലയിലെ ഗ്രാമിണ മേഖലയായ വെള്ളൂർ പഞ്ചായത്തിലെ ചത്രാമല, ഇറുമ്പയം, മടത്തേടം, കോളനികളിലെ നിർധന കുട്ടികൾ 600 മുതൽ 1500 രൂപ വരെ വിലയുള്ള ബാറ്റുമായാണ് അവരെ കീഴ്പ്പെടുത്തി നേട്ടങ്ങൾ കൊയ്യുന്നത്. സർക്കാർ സഹായവും മികച്ച സ്പോൺസർഷിപ്പുകളുമുണ്ടെങ്കിൽ ഈ കുട്ടികൾ കൂടുതൽ ഉയരങ്ങളിലേക്കു കുതിക്കുമെന്ന് അവരുടെ കഴിഞ്ഞകാല കിരീടനേട്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

