കൊയ്യാറായ നെല്ല് മഴയിൽ മുങ്ങി; കർഷകർ കണ്ണീരിൽ
text_fieldsകഴിഞ്ഞദിവസത്തെ മഴയിൽ കൊയ്യാറായ പാടങ്ങളിലെ നെല്ല് മഴവെള്ളത്തിൽ അടിഞ്ഞ നിലയിൽ
വൈക്കം: ദിവസങ്ങളായി ശക്തമായി തുടരുന്ന മഴയിൽ വൈക്കത്തും സമീപപ്രദേശങ്ങളിലും കൊയ്യാറായ പല നെൽപാടങ്ങളും വെള്ളത്തിലായി. ഇത്രയും ദിവസം പരിപാലിച്ച നെല്ല് വെള്ളത്തിനടയിലായത് കണ്ണീരോടെ നോക്കി നിൽക്കാനേ കർഷകർക്കാകുന്നുള്ളൂ. നെല്ല് സംഭരണം സംബന്ധിച്ച പ്രതിസന്ധിക്കും ശുചിമുറി മാലിന്യങ്ങളുൾപ്പെടെ കൊയ്തിട്ട നെല്ലിന് മുകളിൽ തള്ളിയുള്ള ‘പ്രതികാര’ നടപടികൾക്കുമിടയിലാണ് തിമിർത്തു പെയ്യുന്ന മഴ കർഷകരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നത്.
വെച്ചൂർ പഞ്ചായത്തിലെ അച്ചിനകം, വലിയവെളിച്ചം, ഇട്ട്യേക്കാടൻകരി, അരികുപുറം തുടങ്ങിയ പാടശേഖരങളിൽ നെല്ലുകൊയ്യാൻ തയാറെടുത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി എത്തിയ ശക്തമായ മഴ കർഷകരെ കണ്ണീരിലാഴ്ത്തിയത്. നെല്ല് കൊയ്യാൻ യന്ത്രം കാത്തിരിക്കുമ്പോഴാണ് ദിവസം നീണ്ട ശക്തമായ മഴ ഉണ്ടാകുന്നത്.
മണിക്കൂറുകൾ നിന്നു പെയ്ത ശക്തമായ മഴ കാരണം കൊയ്യാൻ പാകമായി വിളഞ്ഞ നെല്ല് നിലത്തടിയുകയും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. പലയിടങ്ങളിലും ഇത്തരത്തിലുള്ള സങ്കട കാഴ്ചകളാണ് കാണാനാകുന്നത്. വെള്ളം വറ്റിച്ച് നെല്ലിനെ രക്ഷിക്കാമെന്ന് കരുതിയാൽ തുടർച്ചയായ വൈദ്യുതി തകരാർ കാരണം പമ്പിങ് നടത്തി വെള്ളം വറ്റിക്കണമെങ്കിൽ ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് കർഷകർ പരാതിപ്പെടുന്നു.
ഇതുമൂലം വെള്ളത്തിൽ അടിഞ്ഞ നെല്ല് പൂർണമായും നശിക്കുന്ന അവസ്ഥയാണ്. ഇത് കർഷകരെ വല്ലാതെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്. പാടശേഖരങ്ങളിൽ ശേഷിക്കുന്ന നെല്ല് കൊയ്തെടുക്കണമെങ്കിൽ ആവശ്യമായ കൊയ്ത്തു യന്ത്രം പെട്ടെന്ന് ലഭ്യമല്ലാത്തതിനാൽ കൊയ്യാൻ ദിവസങ്ങൾ നീണ്ടു പോയാൽ ശേഷിക്കുന്ന നെല്ല് കൂടി നശിക്കുന്ന അവസ്ഥയാവും.
കൃഷി ഉദ്യോഗസ്ഥർ അടിയന്തിരമായി കൊയ്യാനുള്ള പാടശേഖരങ്ങളും കൊയ്തു തീരാനുള്ള പാടശേഖരങ്ങളും സന്ദർശിച്ച് കർഷകരുടെ നഷ്ടം വിലയിരുത്തണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. വിളവെടുപ്പ് എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനായി കൊയ്ത്ത്യന്ത്രത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന കർഷക സംഘടന ( കെ.എസ്.കെ എസ് ) സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. രാജു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

