മാലിന്യം നിറഞ്ഞ് കായലും തോടും
text_fieldsകായലോര ബിച്ചിന് സമീപം മാലിന്യം നിറഞ്ഞ നിലയിൽ
വൈക്കം: ജലാശയങ്ങളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതിന്റെ പരിസ്ഥിതി ആഘാതം ഒഴിവാക്കാൻ ബോധവത്കരണ നടപടി വേണമെന്ന ആവശ്യം ശക്തം.
വേമ്പനാട്ട് കായലിൽ ബോട്ട് ജെട്ടി, ആശുപത്രി പരിസരം, നഗരസഭ പാർക്ക്, കെ.ടി.ഡി.സി തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യ കൂമ്പാരം കാരണം കായലിൽ വേലിയിറക്ക സമയത്തു ജെട്ടിയിൽ ബോട്ട് അടുക്കാൻ സാധിക്കാത്ത അവസ്ഥ. ഇടത്തോടുകളിലും പുഴയുടെ കൈവഴികളിലുമെല്ലാം ഇതേ സ്ഥിതിയാണ്. പ്ലാസ്റ്റിക് അവശിഷ്ടം, തെർമോക്കോൾ, ചാക്കിൽ കെട്ടിയ നിലയിൽ മാംസാവശിഷ്ടങ്ങൾ എന്നിവ കെട്ടിക്കിടന്നു പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.
ഉദയനാപുരം പഞ്ചായത്തിൽ മുവാറ്റുപുഴയാറിന്റെ കൈവഴികളിലൂടെ വരുന്ന മാലിന്യങ്ങൾ ജനപങ്കാളിത്തത്തോടെ ശേഖരിക്കുന്നുണ്ട്. പരിസ്ഥിതി സ്നേഹികളായ ചിലർ കായലിൽ ചെറുവള്ളങ്ങളിൽ യാത്ര ചെയ്തും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. രാത്രി പുഴയിലും തോടുകളിലും മാലിന്യം തള്ളുന്നതു പതിവാണ്.
ശൗചാലയ മാലിന്യങ്ങൾ ഉൾപ്പടെ മലിന വസ്തുക്കൾ സാമൂഹിക വിരുദ്ധർ പാടശേഖരങ്ങളിൽ കൊണ്ടിട്ട സംഭവങ്ങളുമുണ്ട്. കത്തി ഉരുകിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ കായൽ ജലത്തിൽ കലരുന്നതും മത്സ്യപ്രജനനത്തിനടക്കം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കായലിനടിയിൽ ടൺ കണക്കിന് മാലിന്യം അടിഞ്ഞുകിടക്കുകയാണ്.
ജലാശയങ്ങളിൽ കടുത്ത മലിനീകരണത്തിനിടയാക്കുന്ന പ്ലാസ്റ്റിക് നിക്ഷേപം ഒഴിവാക്കാൻ ബോധവത്കരണം ശക്തമാവേണ്ടതുണ്ടെന്നു പരിസ്ഥിതി പ്രവർത്തകർ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളുമാണ് ഇതിനു മുൻകൈ എടുക്കേണ്ടത്. ബോധവത്കരണത്തിനൊപ്പം മാലിന്യം സമാഹരിച്ചു സംസ്കരിക്കുന്നതിനും നടപടി ഉണ്ടായില്ലെങ്കിൽ കായലും പുഴയും മലയാളിക്ക് ഓർമയായി മാറിയേക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

