നാട് കൈ കോർത്തു; ഹരിഹരന് സ്നേഹക്കൂര
text_fieldsതെക്കേനട പഴയ പറമ്പിൽ ഹരിഹരൻ കെ.ആചാരിയുടെ കുടുംബത്തിനായി
സുമനസ്സുകൾ ചേർന്നൊരുക്കുന്ന വീടിനു കല്ലിടുന്നു
വൈക്കം: രണ്ടു പതിറ്റാണ്ടായി വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന്റെ വീടെന്ന സ്വപ്നം സുമനസ്സുകളുടെ കനിവിൽ യാഥാർഥ്യമാകുന്നു. പക്ഷാഘാതത്തെ തുടർന്ന് പണിയെടുക്കാൻ കഴിയാതെയായ തെക്കേനട പഴയപറമ്പിൽ ഹരിഹരൻ കെ. ആചാരിയുടെ കുടുംബത്തിനാണ് നാട് ഒന്നാകെ കൈകോർത്ത് വീടൊരുക്കുന്നത്.
ഹരിഹരന്റെ ഭാര്യ മിനിക്ക് കൂലിപ്പണിയിലൂടെ ലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ടാണ് രണ്ടു പെൺമക്കളും കൊച്ചുമകളും ഉൾപ്പെടുന്ന കുടുംബം കഴിയുന്നത്. മുൻ റവന്യു ഉദ്യോഗസ്ഥനടക്കം ചിലരുടെ ശ്രമഫലമായി ഇവർക്കായി നാലു സെന്റ് സ്ഥലം വാങ്ങാനായി. കുടുംബത്തിന്റെ ദയനീയസ്ഥിതി അറിയാവുന്ന മുൻ നഗരസഭ ചെയർപേഴ്സൻ രാധിക ശ്യാം ഇവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മുന്നിട്ടിറങ്ങി.
രാധികയുടെ ശ്രമഫലമായി വൈക്കം ലയൺസ് ക്ലബ് ഭാരവാഹികൾ ലയൺസ് ക്ലബ് ഇന്റർനാഷനലിന്റെ എല്ലാവർക്കും ഭവനമെന്ന പദ്ധതിയിലൂടെ മൂന്നു ലക്ഷം രൂപ നൽകി. കഴിഞ്ഞദിവസം വീടിനു കല്ലിട്ടു.
ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് റീജനൽ ചെയർമാൻ മാത്യു ജോസഫ് കോടലിച്ചിറ, മുൻ നഗരസഭ ചെയർപേഴ്സൻ രാധിക ശ്യാം എന്നിവർ പങ്കെടുത്തു. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വീട് പൂർത്തിയാക്കാൻ സുമനസ്സുകളും സന്നദ്ധ പ്രവർത്തകരും പിൻബലമേകണമെന്ന് രാധിക ശ്യാം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

