കായലോര ബീച്ചിലെ അനധികൃത കച്ചവടം ഒഴിപ്പിക്കും
text_fieldsവൈക്കം: കായലോര ബീച്ചിലെ പെട്ടിക്കടകൾ എടുത്തു മാറ്റി ബീച്ച് മനോഹരമാക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ദിവസംതോറും കടകളുടെ എണ്ണം വർധിക്കുന്നതിനാൽ അടിയന്തരമായി മുഴുവൻ അനധികൃത കച്ചവടവും ഒഴിപ്പിച്ച് ബീച്ച് വൃത്തിയാക്കും. നഗരത്തിലെ മറ്റ് അനധികൃത വഴിയോരക്കച്ചവടക്കാരുടെ കാര്യത്തിൽ ട്രേഡ് യൂനിയനുകളുടേയും വ്യാപാരി വ്യവസായികളുടേയും യോഗം വിളിച്ചു തീരുമാനിക്കും.
അനധികൃത കച്ചവടക്കാർക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ അബ്ദുൾ സലാംറാവുത്തർ അറിയിച്ചു. പുതിയ ഭരണസമിതിയുടെ ആദ്യയോഗമാണ് ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനുമുമ്പ് അടിയന്തരമായി ചെയ്തു തീർക്കേണ്ട കാര്യങ്ങൾ തീരുമാനിക്കാൻ സർക്കാർ നിർദേശിച്ച രീതിയിൽ കഴിഞ്ഞ ഒമ്പതിന് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്നിരുന്നു.
ഈ യോഗത്തിലെ 18 തീരുമാനങ്ങളാണ് അജൻഡയായി ആദ്യ കൗൺസിൽ ചർച്ച ചെയ്തത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ അംഗങ്ങളും നിർദേശിച്ച ബീച്ച് നവീകരണം നടത്തുന്നതിന് ഉടൻ പദ്ധതി നടപ്പാക്കാൻ നഗരസഭക്ക് കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴെന്ന് ചെയർമാൻ പറഞ്ഞു.
അടിയന്തരമായി ഒരു ദിവസം നിശ്ചയിച്ച് മുഴുവൻ കൗൺസിലർമാരും സന്നദ്ധ സംഘടന പ്രവർത്തകരും പൊതുജനങ്ങളും കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകർമസേന പ്രവർത്തകരും ചേർന്ന് കൂട്ടായി ബീച്ച് വൃത്തിയാക്കിയാൽ പ്രശ്നത്തിന് പരിഹാരമാകും. നഗരസഭ പാർക്കിലും ബസ് ബേകളിലും കൂടുതൽ വിളക്കുകൾ സ്ഥാപിക്കും.
ബി.ജെ.പി അംഗങ്ങൾ അജൻഡ നിശ്ചയിച്ചതിലെ അപാകത്തിന്റെ പേരിൽ അഴിമതി ആരോപണങ്ങൾ നടത്തിയെങ്കിലും ചർച്ചയായില്ല. 27 വാർഡിലേയും വഴിവിളക്കുകൾ തെളിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. പുതിയ കൗൺസിൽ അധികാരമേറ്റയുടൻ ബസ് ബേയിലും ബീച്ചിലും ലൈറ്റുകൾ സ്ഥാപിച്ചതായി ചെയർമാൻ അറിയിച്ചു.
ബൾബുകൾ സമയാസമയം മാറ്റിയിടുന്നതിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും ഇതിന്റെ പേരിൽ അംഗങ്ങൾക്കുണ്ടാകുന്നെ ചെലവുകൾ നിയന്ത്രിക്കണമെന്നും കൗൺസിലർമാർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

