കൊയ്ത്ത് മെതി യന്ത്രങ്ങള്‍ നശിക്കുന്നു; കിസാന്‍സഭ പ്രക്ഷോഭത്തിലേക്ക്
text_fieldsവൈക്കം: പാടശേഖരങ്ങളിൽ കൊയ്ത്ത് മെതിക്കാൻ മാർഗമില്ലാതെ കർഷകർ നെട്ടോട്ടമോടുമ്പോൾ കൃഷിവകുപ്പിനു കീഴിലെ ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനില്‍ കൊയ്ത്ത് മെതി യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് സി.പി.ഐയുടെ കര്‍ഷക സംഘടനയായ കിസാന്‍സഭ പ്രക്ഷോഭത്തിലേക്ക്. 4000 ഏക്കര്‍ വരുന്ന വൈക്കം താലൂക്കിലെ കര്‍ഷകരെ സഹായിക്കുന്നതിനായി സ്ഥാപിച്ച ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷെൻറ വൈക്കം യൂനിറ്റ് പ്രവര്‍ത്തനരഹിതമായിട്ട് നാളുകളേറെയായി. 33 കൊയ്ത്ത് മെതി യന്ത്രങ്ങളുള്ളതില് അഞ്ച് എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി തുരുമ്പെടുത്തുനശിക്കുകയാണ്.
വെച്ചൂര്‍, തലയാഴം മേഖലയിലെ പാടശേഖരങ്ങളില്‍ കൊയ്യാറായെങ്കിലും കൊയ്ത്ത് യന്ത്രം കിട്ടാതെ വിളഞ്ഞുപാകമെത്തിയ നെല്ല് മഴയത്ത് നശിച്ചുതുടങ്ങി. കൊയ്ത്ത് സമയം മുന്‍കൂട്ടി കണ്ട് ആവശ്യത്തിന് യന്ത്രം നന്നാക്കിയിടാതെ ആവശ്യക്കാര്‍ എത്തുമ്പോള്‍ മാത്രം നാലോ അഞ്ചോ എണ്ണം മാത്രം തട്ടികൂട്ടി കൊടുക്കുകയാണ്. വളരെ സൗകര്യമുള്ള വര്‍ക്ഷോപ്പും ആവശ്യത്തിന് തൊഴിലാളികളുമുള്ള സ്ഥാപനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തിൽ അധികൃതരുടെ അലംഭാവമാണ് ദുരവസ്ഥക്ക് കാരണം.
കാര്‍ഷിക മേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ ക്ഷേമത്തിനും വേണ്ടി ശക്തമായ നിലപാടെടുത്ത സര്‍ക്കാറിനും കൃഷിവകുപ്പിനും ദുഷ്പേരുണ്ടാക്കുന്ന പ്രവൃത്തിയാണ് അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. കര്‍ഷകര്‍ക്ക് യഥാസമയം കൊയ്ത്ത് യന്ത്രം ലഭ്യമാക്കാത്തതിലും കര്‍ഷകരോടുള്ള അധികൃതരുടെ അവഗണനക്കുമെതിരെ കിസാന്‍സഭ ശക്തമായ സമരപരിപാടി ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡൻറ് കെ.വി പവിത്രന്, സെക്രട്ടറി കെ.കെ ചന്ദ്രബാബു എന്നിവര്‍ അറിയിച്ചു.