ഓരുവെള്ളം കയറി കൃഷിനാശം, കർഷകർ ദുരിതത്തിൽ
text_fieldsഓരുജലം കയറി പൂർണമായി കരിഞ്ഞു നശിച്ച കൊച്ചങ്ങാടി അരുൺ ഭവനിൽ രാജപ്പന്റെ പാവൽകൃഷി തോട്ടം
വൈക്കം: മറവൻതുരുത്തിലെ കൊടുപ്പാടത്ത് ഓരുവെള്ളം കയറി വ്യാപക കൃഷിനാശം. കൃഷിയിടത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വേമ്പനാട്ടു കായലിൽനിന്ന് ഓരുവെള്ളം ഉൾപ്രദേശത്തെത്തുന്നത് തടയാൻ ഓരുമുട്ട് സ്ഥാപിക്കാതിരുന്നതാണ് കർഷകർക്ക് തിരിച്ചടിയായത്. കായലിൽ ലവണാംശമേറുന്ന സമയം തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറിടുന്നതിന് മുമ്പ് ഇടിയോടി ക്ഷേത്രത്തിന് സമീപത്തെ നാട്ടുതോട്ടിൽ ഓരുമുട്ട് സ്ഥാപിച്ചാലേ കൃഷിനാശം ഒഴിവാക്കാനാകൂ.
കർഷകർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഓരുമുട്ട് സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് കർഷകർ ആരോപിക്കുന്നു. മറവൻതുരുത്ത് കൊച്ചങ്ങാടി അരുൺ ഭവനിൽ രാജപ്പൻ രണ്ടേക്കർ പാട്ടത്തിനെടുത്ത് നടത്തിയ പാവൽ, കോവൽ കൃഷി വിളവെടുപ്പ് ആരംഭിച്ച് 20ാം ദിവസം ഓരുകയറി പൂർണമായി കരിഞ്ഞു നശിച്ചു. പാവലിനും കോവലിലും പുറമെ രാജപ്പന്റെ കൃഷിയിടത്തിലെ പടവലം, പയർ , കുമ്പളം, കപ്പ, ചേന, വാഴ തുടങ്ങിയവയും നാശത്തിന്റെ വക്കിലാണ്. കൃഷിയ്ക്കായി 25മീറ്റർ വിസ്തൃതിയിൽ തീർത്ത മൂന്ന് പന്തലുകൾക്ക് മാത്രം രാജപ്പന് 50,000 രൂപയിലധികം ചെലവായി.35 കിലോ പാവയ്ക്കയും അത്ര തന്നെ കോവയ്ക്കയും ഒന്നിടവിട്ട ദിവസം വിളവെടുത്ത് വരുന്നതിനിടെയാണ് ഓരുവെള്ളം കയറി കൃഷി പൂർണമായി നശിച്ചത്. പലരിൽ നിന്ന് കടം വാങ്ങിയാണ് രാജപ്പൻ കൃഷി നടത്തിയത്. കൃഷി നശിച്ചതോടെ വൻ സാമ്പത്തിക ബാധ്യതയിലാണ് രാജപ്പൻ. പുളിക്കിയിൽ സുരേന്ദ്രൻ, തേവടിയിൽ ബേബി, ജയൻ പട്ടറയ്ക്കൽ, മാന്താനറയിൽ ബൈജു, ചെമ്പാവുതറയിൽ ബിജു, അമ്പാടിയിൽ മോഹനൻ, നളന്ദയിൽ സുന്ദരൻ തുടങ്ങി 30ഓളം സമ്മിശ്ര കർഷകർക്ക് ഓരുജലം നാശം വിതച്ചിട്ടുണ്ട്.
ഓരെത്തുന്നതിന് മുമ്പ് ഓരുമുട്ട് സ്ഥാപിക്കണം
വർഷങ്ങളായി സമ്മിശ്ര കൃഷിയിലേർപ്പെട്ട് ഉപജീവനം നടത്തിവരുന്ന നിരവധി കർഷകരാണ് കൊടുപ്പാടത്തുള്ളത്. ഓരെത്തുന്നതിന് മുമ്പ് ഓരുമുട്ട് സ്ഥാപിച്ചിരുന്നെങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം ഒഴിവാക്കാൻ കഴിയുമായിരുന്നു.
ബേബി തേവടിയിൽ, കൊച്ചങ്ങാടി, (കർഷകൻ)
കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകണം
രണ്ടേക്കറിലാണ് സമ്മിശ്ര കൃഷി നടത്തിയത്. 100 ചുവട് പാവലും 30 ചുവട് കോവലും ഓരുകയറി പൂർണമായി കരിഞ്ഞു നശിച്ചു. സമയബന്ധിതമായി ഓരുമുട്ട് ഇടാതിരുന്നതാണ് കൃഷി നശിക്കാനിടയാക്കിയത്.
പഞ്ചായത്ത്, കൃഷിവകുപ്പ് അധികൃതർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് 20 ദിവസം കഴിഞ്ഞാണ് കൃഷി ഓരു കയറി നശിച്ചത്. കൃഷി നശിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായി. കർഷകരുടേതല്ലാത്ത കാരണത്താൽ ഉണ്ടായ കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ അധികൃതർ നടപടി സ്വീകരിക്കണം.
രാജപ്പൻ അരുൺഭവനം,
കൊഴുങ്ങാടി
(കർഷകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

