തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പശു ചത്തു; കിടാവ് അവശനിലയിൽ
text_fieldsവൈക്കം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിർധന കുടുംബത്തിലെ പശു ചത്തു. ഉദയനാപുരം പഞ്ചായത്തിൽ 7ാം വാർഡ് പടിഞ്ഞാറേക്കര കളപ്പുരയ്ക്കൽ രാധിക പവനന്റെ പശുവാണ് ചത്തത്. തിങ്കളാഴ്ച വീട്ടുകാർ പുറത്തുപോയി വൈകീട്ടോടെ മടങ്ങിയെത്തിയപ്പോൾ പശു അസ്വാഭാവികമായി കരയുന്നതു കണ്ട് നോക്കിയപ്പോഴാണ് മൂക്കിന്റെ ഭാഗത്ത് നായ കടിച്ച നിലയിൽ കണ്ടത്. വായിൽ നിന്നും നുരയുംപതയും വന്ന് തീറ്റ തിന്നാതിരുന്നതിനെ തുടർന്ന് വെറ്ററിനറി ഡോക്ടറെ എത്തിച്ച് കുത്തിവെപ്പും മരുന്നും നൽകിയെങ്കിലും ബുധനാഴ്ച ഉച്ചയോടെ പശു ചത്തു. ഒപ്പമുണ്ടായിരുന്ന കിടാവും അവശനിലയിലാണ്. കടിച്ച നായ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി വീട്ടുകാർ പറഞ്ഞു. ഒരാഴ്ച മുമ്പ് മല്ലാകേരിൽ ജോർജ് കുര്യന്റെ പശുവും സമാനരീതിയിൽ ചത്തിരുന്നു. വർഷങ്ങളായി പശുവിനെ വളർത്തിയാണ് രാധിക കുടുംബ ചെലവുകൾ നടത്തിയിരുന്നത്. ആറ് പശുക്കൾ വരെ ഉണ്ടായിരുന്നു.
രാധികക്കും ഭർത്താവ് പവനനും രോഗം പിടിപെട്ടതോടെ ഒന്നൊഴികെ ബാക്കി പശുക്കളെ വിറ്റു. ദിവസം 12 ലിറ്റർ പാൽ ലഭിച്ചിരുന്ന പശു ചത്തതോടെ കുടുംബത്തിന്റെ പ്രധാന വരുമാന മാർഗവും ഇല്ലാതായി. പുതിയ പശുവിനെ വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ കുടുംബം കടുത്ത പ്രതിസന്ധിയിലാണ്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും രാത്രികാലങ്ങളിൽ കൂട്ടമായി അലഞ്ഞു തിരിഞ്ഞ് ഭീതി പരത്തുന്നതായും നാട്ടുകാർ പറയുന്നു.
വളർത്തു മൃഗങ്ങൾക്കും മനുഷ്യർക്കും ഭീഷണിയാകുന്ന തെരുവുനായ്ക്കളുടെ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും രാധിക പവനന് അടിയന്തര സഹായം നൽകണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

