വടവാതൂർ മാലിന്യ കേന്ദ്രത്തിന് താഴിട്ടു; മതിൽ പൊളിഞ്ഞ ഭാഗം ഷീറ്റിട്ട് മറയ്ക്കും
text_fieldsകോട്ടയം: ജില്ല ലീഗൽ സർവിസ് അതോറിറ്റി കേസെടുത്തതോടെ വടവാതൂർ മാലിന്യ കേന്ദ്രത്തിന്റെ ഗേറ്റ് താഴിട്ടുപൂട്ടി നഗരസഭ. തൽക്കാലം ഷീറ്റിട്ട് മതിൽ പൊളിഞ്ഞ ഭാഗം മറയ്ക്കുമെന്നും അടുത്ത സിറ്റിങ്ങിൽ അതോറിറ്റിക്ക് റിപ്പോർട്ട് നൽകുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള വടവാതൂർ മാലിന്യ കേന്ദ്രം സംബന്ധിച്ച് ലീഗൽ സർവിസ് അതോറിറ്റി രണ്ട് കേസെടുത്തിരുന്നു. വർഷങ്ങൾക്കു മുമ്പ് പൂട്ടിയ മാലിന്യ കേന്ദ്രത്തിന്റെ ഗേറ്റിന് താഴില്ലാത്തതിനാൽ പലരും ഇവിടെ മാലിന്യം തള്ളുകയാണ്. ഗേറ്റിനു സമീപത്ത് ഒരാൾക്ക് അകത്തേക്ക് കയറാൻ ഇടമുണ്ട്. മാലിന്യം തള്ളൽ ഒഴിവാക്കാൻ ഗേറ്റ് പൂട്ടിയിടാനും ആരും കയറാത്തവിധം അടച്ചിടാനും ലീഗൽ സർവിസ് അതോറിറ്റി നിർദേശിച്ചിരുന്നു. ഇത് സ്വന്തം നിലയിൽ ചെയ്യാമെന്നാണ് കേസ് പരിഗണിച്ച വേളയിൽ സെക്രട്ടറി അറിയിച്ചത്.
മാലിന്യ കേന്ദ്രത്തിന്റെ മതിലിടിഞ്ഞ് മാലിന്യം റോഡിലേക്ക് വീണ സംഭവത്തിലാണ് രണ്ടാമത്തെ കേസ്. മതിൽ ഇടിഞ്ഞതിനെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മാലിന്യത്തിൽനിന്നുള്ള ദുർഗന്ധം കാരണം വഴിനടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. നാട്ടുകാർ ഗതാഗത തടസ്സം നീക്കിയെങ്കിലും മാലിന്യം റോഡിൽ തന്നെയുണ്ടായിരുന്നു. ഇതു മാറ്റാനും നഗരസഭയോട് നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ മതിൽ വീണ്ടും ഇടിഞ്ഞു. പുറത്തേക്ക് തള്ളിനിൽക്കുന്ന മതിൽ ഇനിയും ഇടിയാൻ സാധ്യതയുണ്ട്.
30ന് രണ്ടു കേസും വീണ്ടും പരിഗണിക്കും. മാലിന്യ കേന്ദ്രത്തിൽ ഉണങ്ങി അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു കേസും എടുത്തിരുന്നു. മരങ്ങൾ മുറിച്ചുനീക്കിയതിനാൽ ആ കേസ് അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

