യൂറിയ ക്ഷാമം; നെട്ടോട്ടത്തിൽ കർഷകർ
text_fieldsകോട്ടയം: രാസവളമായ യൂറിയക്ക് കടുത്ത ക്ഷാമമായതോടെ കർഷകർ പ്രതിസന്ധിയിൽ. കൃത്യസമയത്ത് വളപ്രയോഗം നടത്താനാവുന്നില്ല. കേന്ദ്രം സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്ന യൂറിയ വെട്ടിക്കുറച്ചതോടെയാണ് ക്ഷാമം രൂക്ഷമായത്. യൂറിയക്കൊപ്പം കൂടിയ വിലയുള്ള മറ്റ് വളങ്ങളും എടുക്കണമെന്ന നിർമാതാക്കളുടെ നിബന്ധന മൂലം ഡിപ്പോകൾക്കും യൂറിയ വാങ്ങാൻ താൽപര്യമില്ല.
യൂറിയ വാങ്ങാൻ ചെല്ലുന്ന കർഷകരോട് മറ്റു വളങ്ങളും ആവശ്യമില്ലാത്ത കീടനാശിനികളും വാങ്ങാന്‍ സൊസൈറ്റികളും വളം ഡിപ്പോകളും നിര്‍ബന്ധിക്കുകയാണെന്നും പരാതികളുണ്ട്. നെല്ല്, വാഴ, പച്ചക്കറികൾ എന്നിവക്ക് വളപ്രയോഗം നടത്താൻ യൂറിയക്കായി നെട്ടോട്ടമോടുകയാണ് കർഷകർ. കുറച്ചുമാസങ്ങളായി ഇതാണവസ്ഥ. യൂറിയ കിട്ടാത്തതിനാൽ മറ്റ് വളങ്ങൾ ഉപയോഗിക്കേണ്ടിവരും. ഇത് വിളയെ ബാധിക്കും. പ്രകൃതിദുരന്തങ്ങൾ, അകാലമഴ, കീടങ്ങൾ, വിള രോഗങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന വിളനാശത്തിൽനിന്ന് പരിരക്ഷ നൽകുന്ന ഫസല്‍ ബീമ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ലിങ്ക് തുറക്കാത്തതും കർഷകരെ ആശങ്കയിലാക്കുന്നു.
രജിസ്റ്റര്‍ ചെയ്യാനുള്ള സമയവും കഴിയാറായി. യൂറിയ ലഭ്യത ഉറപ്പ് വരുത്തണമെന്നും ഫസല്‍ ബീമ യോജന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തടസ്സം നീക്കണമെന്നും ആവശ്യപ്പെട്ട് സമരം ആരംഭിക്കുമെന്ന് നെല്‍ കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനം നൽകി. സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി, സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫ്, സെക്രട്ടറിമാരായ മാത്യു തോമസ്, എ.ജി. അജയകുമാര്‍, എബി അലക്സാണ്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

