നഗരസഭ കൗൺസിലിൽ ബഹളം; മഴക്കാലപൂർവ ശുചീകരണം പക്ഷപാതമെന്ന് പ്രതിപക്ഷം
text_fieldsചങ്ങനാശ്ശേരി: മഴക്കാല പൂർവ ശുചീകരണത്തിൽ പക്ഷപാതമെന്ന് ചൂണ്ടിക്കാണിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം ബഹളം. ഭരണകക്ഷി കൗൺസിലർമാരുടെ വാർഡുകളിൽ മാത്രം ശുചീകരണം ഒതുങ്ങിയെന്ന് പ്രതിപക്ഷമായ എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്നു ചർച്ചകളില്ലാതെ കൗൺസിൽ പിരിഞ്ഞു. അജണ്ടകൾ പാസായതായി നഗരസഭാധ്യക്ഷൻ ജോമി ജോസഫ് പ്രഖ്യാപിച്ചു. ഇതിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ രംഗത്ത് വന്നു. ചർച്ചയില്ലാതെ അജണ്ടകൾ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയും കൗൺസിലിൽ ബഹളമുണ്ടായി.
ശനിയാഴ്ച രാവിലെ ചേർന്ന നഗരസഭ കൗൺസിൽ യോഗമാണ് വാക് പോരിലും ബഹളത്തിലുമായത്. ഭരണകക്ഷിയിൽപെട്ട യു.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളിൽ മാത്രമാണ് മഴക്കാലപൂർവ ശുചീകരണം നടത്തുന്നത്. ചിലരുടെ തീരുമാനമനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്. മറ്റ് വാർഡുകളിൽ താമസിക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകൾ നഗരസഭ പരിഗണിക്കുന്നില്ല. ആവശ്യപ്പെട്ടിട്ടും തൊഴിലാളികളെ വിട്ടുനൽകുന്നില്ല. പൊതുവായ പ്രശ്നങ്ങളെ പോലും രാഷ്ട്രീയമായി കാണുകയാണെന്ന് എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി നേതാവ് അഡ്വ. പി.എ. നസീർ ആരോപിച്ചു.
അജണ്ടകൾക്കു ശേഷം ചർച്ച ചെയ്യാമെന്ന് നഗരസഭാധ്യക്ഷൻ ജോമി പറഞ്ഞു. തുടർന്നു പ്രതിപക്ഷത്തുനിന്ന് ബഹളമുയരുകയായിരുന്നു. വിഷയം ചർച്ചക്കെടുക്കാതെ ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നതെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ശുചീകരണത്തിനുള്ള താൽകാലിക തൊഴിലാളികളെ ഭരണകക്ഷി അംഗങ്ങളുടെ വാർഡുകളിൽ അധിക സമയം ജോലി ചെയ്യിപ്പിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി. വാർഡുകളിലേക്ക് ആവശ്യപ്പെട്ടിട്ട് ശുചീകരണത്തിനു തൊഴിലാളികളെ വിട്ടുനൽകുന്നില്ലെന്നും പ്രതിപക്ഷം ഉന്നയിച്ചതിനെ തുടർന്ന് ഇരുഭാഗത്തുനിന്നും വാക്കേറ്റമായി. അജണ്ടകൾ പാസായതായി പ്രഖ്യാപിച്ച് നഗരസഭാധ്യക്ഷൻ യോഗം അവസാനിപ്പിക്കുകയായിരുന്നു.
എന്നാൽ, ഇതിനെതിരെ വിയോജന കത്ത് സെക്രട്ടറിക്ക് നൽകുമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ അറിയിച്ചു. ബി.ജെ.പി അംഗങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായില്ല. 41 അജണ്ടകളാണ് യോഗത്തിലുണ്ടായിരുന്നത്. ചട്ടപ്രകാരമുള്ള നടപടികളാണ് യോഗത്തിലെടുത്തത്. കൗൺസിലിനുശേഷം ചർച്ച നടത്താമെന്ന് പറഞ്ഞെങ്കിലും എൽ.ഡി.എഫ് അംഗങ്ങൾ അത് അംഗീകരിക്കാതെ ബഹളം വെക്കുകയായിരുന്നു. മഴക്കാലപൂർവ ശുചീകരണം കുറ്റമറ്റ രീതിയിൽ എല്ലായിടത്തും നടക്കുന്നുണ്ട്. നഗരസഭയുടെ ഓൺഫണ്ടിൽനിന്ന് കൗൺസിലർമാർക്ക് 10,000 രൂപയും ജെ.എച്ച്.ഐമാർക്ക് 50,000 രൂപയും ശുചീകരണത്തിനായി അനുവദിച്ചതായും നഗരസഭാധ്യക്ഷൻ ജോമി ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

