ഉന്നത വിദ്യാഭ്യാസത്തെ കാവിവത്കരിക്കാൻ ഗൂഢനീക്കം -ഡോ. തോമസ് ഐസക്
text_fieldsകോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുവാനും സർവകലാശാലകളെ കാവിവത്കരിക്കാനുമുള്ള ഗൂഢനീക്കങ്ങളാണ് നടക്കുന്നതെന്ന് ഡോ. തോമസ് ഐസക്. സംസ്ഥാനത്തെ സർവകലാശാലകളുടെ തലപ്പത്ത് സംഘ്പരിവാർ അനുകൂലികളെ പ്രതിഷ്ഠിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് കേരളത്തിൽ അരങ്ങേറുന്നത്. ഇത് കേരളം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എം.ജി സർവകലാശാലയിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സർവകലാശാല സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐസക്.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ കുതിപ്പാണ് നടക്കുന്നത്. ഇതിനെ തകിടംമറിക്കാനുള്ള നീക്കത്തെ പൊതുസമൂഹത്തെ ഒപ്പംനിർത്തി ചെറുക്കും. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന വിഷയം ഗവർണറും സർവകലാശാല നിയമങ്ങളും തമ്മിലുള്ള വൈരുധ്യമല്ല. മറിച്ച് ഗവർണറും കേരള പൊതുസമൂഹവും തമ്മിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എം.ജി ടീച്ചേഴ്സ് അസോ. പ്രസിഡന്റ് ഡോ. ബിജു ലക്ഷ്മണൻ അധ്യക്ഷതവഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ, സിൻഡിക്കേറ്റ് അംഗം റെജി സഖറിയ, വി.പി. മജീദ്, പി.എസ്. യദുകൃഷ്ണൻ, കെ. അൻഷിദ്, അശ്വിൻ രാജൻ വർഗീസ് എന്നിവർ സംസാരിച്ചു.