നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം; സൂക്ഷിക്കാൻ കളങ്ങളൊരുക്കി കർഷകർ
text_fieldsകോട്ടയം: നെല്ല്സംഭരണത്തിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ സ്വന്തം നിലയിൽ സംഭരിക്കാൻ കളങ്ങൾ തയാറാക്കി കർഷകർ. മില്ലുകാരെ നിയോഗിച്ച് എന്ന് നെല്ലെടുക്കൽ നടക്കുമെന്ന് ഒരു പ്രതീക്ഷയുമില്ലെന്നും അതിനാലാണ് തങ്ങൾ ഇതിലേക്ക് കടന്നതെന്നും കർഷകർ പറയുന്നു. വിരിപ്പു കൃഷിയുടെ നെല്ല് സംഭരണത്തിന് മില്ലുകാരെ സപ്ലൈകോ ഇതുവരെ നിയോഗിച്ചിട്ടില്ല. മില്ലുകാരും സർക്കാറും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് എന്ന് നെല്ല് സംഭരണം തുടങ്ങുമെന്ന് കൃഷിവകുപ്പിനും സപ്ലൈകോക്കും ഒരു ധാരണയുമില്ല. ആ സാഹചര്യത്തിലാണ് കൊയ്തെടുക്കുന്ന നെല്ല് സൂക്ഷിക്കാൻ സ്വന്തം നിലക്ക് കർഷകർ കളങ്ങൾ തയാറാക്കിത്തുടങ്ങിയത്. നെല്ല് സംഭരിക്കാൻ മില്ലുകൾ തായാറാകാത്തതിനാൽ ഉണക്കി പതിര് കളഞ്ഞ് സൂക്ഷിക്കണമെന്ന കൃഷി വകുപ്പിന്റെ നിർദേശത്തെത്തുടർന്നാണു കളങ്ങൾ ഒരുക്കുന്നത്.
മില്ലുകാർ ഉടൻ വരുമെന്നു പ്രതീക്ഷിച്ച് കൊയ്ത്തുപാടത്ത് തന്നെ നെല്ല് കൂട്ടിയിട്ടുമൂടാൻ ധൈര്യമില്ലെന്ന് കർഷകർ പറയുന്നു. മുമ്പ് പലതവണ ഇത്തരത്തിൽ കൂട്ടിയിട്ട നെല്ല് നശിച്ചതിനാലാണ് ഇക്കുറി കരുതലോടെ കർഷകർ കളങ്ങൾ തയാറാക്കുന്നത്. മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കാത്ത തരത്തിൽ പുറംബണ്ടിൽ കളം തയാറാക്കുകയാണ് കുമരകം ചേലക്കാപ്പള്ളി പാടശേഖരത്തെ കർഷകർ. ഏതാനും ദിവസത്തിനകം പാടത്തെ കൊയ്ത്ത് നടക്കും. മഴ പെയ്താൽ വെള്ളം ഒഴുകിപോകാൻ കളത്തിനു ചുറ്റും ചാൽ എടുത്തിട്ടുണ്ട്. യന്ത്രം ഉപയോഗിച്ച് കൊയ്യുന്ന നെല്ല് കളത്തിൽ ഇട്ടു മൂടിയശേഷം മുകളിലായി താൽക്കാലിക ഷെഡ് നിർമിക്കും. വിളഞ്ഞ നെല്ല് കൊയ്യാതെ കിടന്നാൽ നശിക്കുമെന്നതിനാൽ നെല്ല് കൊയ്ത് കരയ്ക്ക് കയറ്റാനാണ് കർഷകരുടെ ശ്രമം.
നെല്ല് സംഭരണത്തിനായി മില്ലുകാരെ സപ്ലൈകോ നിയോഗിച്ചാൽ അവർ നെല്ല് സംഭരിക്കുമെന്ന് കരുതി പാടത്ത് തന്നെ ഇടുകയാണ് മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്ന രീതി. എന്നാൽ ഇക്കുറി ആ പ്രതീക്ഷയൊന്നുമില്ലെന്ന് കർഷകർ പറയുന്നു. നെല്ല് സംഭരണം എന്ന് ആരംഭിക്കുമെന്ന് ആർക്കും ഒരുപിടിയുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. പണ്ടായിരുന്നെങ്കിൽ നാട്ടിലെ നെല്ല് പുഴുക്കുകാർ സംഭരിക്കുമായിരുന്നു .
2005ൽ സപ്ലൈകോയുടെ നേതൃത്വത്തിൽ നെല്ല് സംഭരണ സംവിധാനം വന്നതോടെ നാട്ടിലെ നെല്ലുപുഴുക്ക് നിലച്ചു. സർക്കാർ മില്ലുകാരുമായി ചർച്ച നടത്തി അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ട് സപ്ലൈകോയെ കൊണ്ട് എന്ന് നെല്ല് സംഭരണം നടത്തിക്കുമോ അതുവരെ കളത്തിലോ മറ്റെവിടെയെങ്കിലുമോ നെല്ല് സൂക്ഷിക്കാതെ മറ്റ് മാർഗമില്ലെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

