പാടത്ത് വെള്ളം വറ്റിക്കാൻ തയാറാകുന്നില്ല: വെള്ളത്തിൽ മുങ്ങി 17 കുടുംബം
text_fieldsപാടശേഖരത്തിലെ മോട്ടോർ പ്രവർത്തിപ്പിക്കാത്തതിനാൽ
വെള്ളത്തിൽ മുങ്ങിയ വെച്ചൂർ രണ്ടാം വാർഡിലെ ഉഴലക്കാട്ട്
വിജയമ്മയുടെ വീട്
വെച്ചൂർ: പാടത്തെ വെള്ളം വറ്റിക്കാൻ പാടശേഖര സമിതിക്കാർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം കർഷകർക്കിടയിൽ ശക്തം. വെള്ളത്തിൽ മുങ്ങി 17 നിർധന കുടുംബങ്ങൾ. വെച്ചൂർ രണ്ട്, മൂന്ന് വാർഡുകളുമായി ബന്ധപ്പെട്ടുകിടക്കുന്ന മുപ്പതേക്കറോളം വരുന്ന അറുപത് ആട്ടേത്താഴ പാടശേഖരത്തിൽ നിറഞ്ഞ പെയ്ത്തുവെള്ളമാണ് പാടശേഖരത്തിന്റെ ഓരത്ത് താമസിക്കുന്ന 17ഓളം കുടുംബങ്ങളെ വെള്ളത്തിലാക്കിയത്. കഴിഞ്ഞ അഞ്ച് ദിവസമായി വെള്ളത്തിൽ മുങ്ങിയ വീടുകളിലുള്ളവർക്ക് പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാനാകുന്നില്ല. കുട്ടികളും വയോധികരുമുള്ള അഞ്ച് കുടുംബങ്ങൾ വീട് വിട്ട് ബന്ധുവീടുകളിൽ അഭയം തേടി.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു വാങ്ങിയ 20 എച്ച്.പിയുടെ മോട്ടോർപമ്പുസെറ്റും പെട്ടിയും പറയും പാടശേഖരത്തിനുണ്ട്. പഞ്ചായത്ത് അംഗം സഞ്ജയന്റെ പരിശ്രമത്തെ തുടർന്ന് പാടശേഖരത്തിന് സ്ഥിരം വൈദ്യുതി കണക്ഷനുമുണ്ട്. എന്നാൽ പാടശേഖരസമിതി സെക്രട്ടറിയും മറ്റും വെള്ളം വറ്റിക്കാൻ വിമുഖത കാട്ടുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ, വാർഡ് അംഗങ്ങളായ ഗീത സോമൻ, സഞ്ജയൻ, കൃഷി ഓഫീസർ, വില്ലേജ് ഓഫീസ് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാടശേഖരസമിതി പ്രസിഡന്റ് ശശിധരനുമായി ജനപ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർന്ന് കെ.എസ്.ഇ.ബിയുടെ അനുമതി വാങ്ങി അടുത്തദിവസം പെട്ടിയും പറയും ഉറപ്പിച്ച് വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാൻ ധാരണയായതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ, വാർഡ് അംഗങ്ങളായ ഗീതാ സോമൻ, സഞ്ജയൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

