കൊയ്ത്തുകഴിഞ്ഞിട്ട് രണ്ടാഴ്ച: നെല്ല് സംഭരണം വഴിമുട്ടി: കർഷകക്കണ്ണീർ
text_fieldsകോട്ടയം: കൊയ്ത്തുകഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരണത്തിനുള്ള വഴി കണ്ടെത്താനാകാതെ തിരുവാർപ്പ് തട്ടാർകാട്-പാറേക്കാട് പാടശേഖരത്തിലെ 200ലധികം കർഷകർ. വിതക്ക് ശേഷം പെയ്ത കനത്തമഴയിൽ തിരുവാർപ്പിലെ നാല് പാടങ്ങളിൽ മടവീണിരുന്നു. തട്ടാർകാട് - പാറേക്കാട് പാടശേഖരം മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്. ഇവിടുത്തെ 365 ഏക്കറിലെ കൊയ്ത നെല്ലെടുക്കാനുള്ള സംവിധാനം ഇതുവരെയും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. തുടർച്ചയായി വൈകുന്നേരങ്ങളിൽ പെയ്യുന്ന കനത്തമഴയും നെൽസംഭരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കൊയ്ത നെല്ല് പാടങ്ങളിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. മഴയിൽ ഇത് നശിക്കുമോയെന്ന ആശങ്കയും കർഷകർ പ്രകടിപ്പിക്കുന്നു.
വെട്ടിക്കാട്, പുതിയേരി, ശവക്കോട്ട, കിഴക്കേരി തുടങ്ങിയ പാടശേഖരങ്ങളാണ് മടവീണ് നശിച്ചത്. ആകെ അവശേഷിച്ച തട്ടാർകാട്-പാറേക്കാട് പാടശേഖരത്തിലെ 365 ഏക്കറിൽ ഏറെ പണിപ്പെട്ടാണ് കൊയ്ത്ത് നടത്തിയത്. എന്നാൽ, കൊയ്ത്തു കഴിഞ്ഞ് നെല്ല് കൂട്ടിയപ്പോഴാണ് യഥാർഥ പ്രശ്നം. സംഭരിച്ച നെല്ല് കൊണ്ടുപോകുന്നതിനായി വാഹനങ്ങളെത്തിക്കാൻ സാധിക്കുന്നില്ല. മഴപെയ്തതിനെ തുടർന്ന് വാഹനങ്ങൾ ഇങ്ങോട്ട് എത്താത്തതാണ് പ്രധാനകാരണം. മഴപെയ്തതിനെ തുടർന്ന് നിലത്തിൽ കൊയ്ത്തുയന്ത്രം താഴ്ന്നുപോവുന്ന സാഹചര്യമാണിവിടെ. കൂലിക്ക് ആളെ നിർത്തി നെല്ല് കരക്കെത്തിക്കുക എന്നതാണ് ഇതിന് പ്രതിവിധി. എന്നാൽ, ചുമട്ടുകൂലിയായി ഒരാൾക്ക് 1000 രൂപവരെ നൽകേണ്ട അവസ്ഥയിലാണ് കർഷകർ. അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വലുതാണെന്ന് കർഷകർ പറയുന്നു.
കൂട്ടിയിടുന്ന നെല്ലുണങ്ങിയാൽ അതിനും പ്രത്യേകം കൂലി ഈടാക്കും. കൊയ്തെടുത്ത നെല്ലിൽ 17 ശതമാനത്തിലധികം ജലാംശമുണ്ടെങ്കിൽ ഒരുകിലോ കിഴി നെല്ല് കമീഷനായി ഏജന്റുമാർ വകയിരുത്തും. ഏജന്റുമാരുടെ കണക്കുപ്രകാരം 100 കിലോ നെല്ല് കൊയ്തെടുത്താൽ മൂന്ന് കിലോയോളം കിഴിവായി കണക്കാക്കി ഏജന്റുമാർ കമീഷനെടുക്കും. ബാക്കി അവശേഷിക്കുന്ന 97 കിലോയാണ് കർഷകന്റെ നീക്കിയിരിപ്പ്. കൂടാതെ സംഭരിക്കുന്ന ഒരു ചണച്ചാക്കിന് 700 ഗ്രാം നെല്ല് കമീഷനായി ഏജന്റിലേക്ക് പോകും. അതായത് അഞ്ച് ചാക്കിന് മൂന്നര കിലോയോളം നെല്ല് കിഴിയായി ഏജന്റുമാർ കൊണ്ടുപോകുന്നുമുണ്ട്. ചുരുക്കത്തിൽ 100 കിലോ നെല്ല് കൊയ്തെടുത്താൽ കർഷകന് ലഭിക്കുന്നത് 95 കിലോ മാത്രം. ഈ പ്രതിസന്ധിയെല്ലാം തരണം ചെയ്ത് നെല്ലെത്തിച്ചാലോ പണം ലഭിക്കാത്ത സാഹചര്യവും. എത്രയും പെട്ടെന്ന് കൂട്ടിയിട്ടിരിക്കുന്ന നെല്ല് കരക്കെത്തിക്കാൻ സാധിച്ചില്ലെങ്കിൽ തങ്ങളുടെ ജീവിതം ദുരിതത്തിലാകുമെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

