വരുമോ ത്രിവേണി മൊബൈല്‍ യൂനിറ്റ്...
text_fieldsപുത്തനങ്ങാടിയിലെ കണ്‍സ്യൂമർ ഫെഡിന്റെ ഗോഡൗണിൽ തുരുമ്പെടുത്ത് നശിക്കുന്ന
ത്രിവേണി മൊബൈല്‍ വാഹന യൂനിറ്റുകൾ
കോട്ടയം: ആഴ്ചതോറും ഗ്രാമപ്രദേശത്തെ ജനങ്ങൾ കാത്തിരുന്ന ത്രിവേണി മൊബൈല്‍ വാഹന യൂനിറ്റുകൾ തുരുമ്പെടുത്ത് നശിക്കുന്നു. ന്യായവിലയില്‍ നിത്യോപയോഗ സാധനങ്ങളും പലചരക്ക് സാധനങ്ങളും സാധാരണക്കാരില്‍ എത്തിച്ചിരുന്ന വാഹന യൂനിറ്റുകളുടെ പ്രവർത്തനം ജില്ലയില്‍ നിലച്ചമട്ടാണ്. എല്ലാ നിയോജക മണ്ഡലങ്ങളിലും നേരത്തേ മൊബൈല്‍ യൂനിറ്റുകള്‍ പ്രവർത്തിച്ചിരുന്നു.
ഏറ്റുമാനൂർ, പുതുപ്പള്ളി എന്നിവിടങ്ങളിലെ യൂനിറ്റുകള്‍ക്കാണ് അവസാനം പൂട്ടുവീണത്. കണ്‍സ്യൂമർ ഫെഡിന്റെ ത്രിവേണി, നന്മ സ്റ്റോറുകളിലെ ഉൽപന്നങ്ങളും ഗ്രാമപ്രദേശങ്ങളില്‍ വാഹനത്തില്‍ എത്തിക്കുന്ന പദ്ധതിക്ക് തുടക്കത്തില്‍ വൻസ്വീകാര്യതയായിരുന്നു. കണ്‍സ്യൂമർ ഫെഡിന്റെ പുത്തനങ്ങാടിയിലെ ഗോഡൗണിന് സമീപം മൊബൈല്‍ യൂനിറ്റിന്റെ അഞ്ച് വാഹനങ്ങള്‍ നാശത്തിന്റെ വക്കിലാണ്. രണ്ട് വാഹനങ്ങള്‍ പനച്ചിക്കാട് കുഴിമറ്റത്തെ സ്വകാര്യവർക്ക് ഷോപ്പില്‍ കിടന്ന് നശിക്കുകയാണ്. നിശ്ചിത റൂട്ടുകളില്‍ രണ്ടാഴ്ചക്കുള്ളില്‍ സാധനങ്ങളുമായി വാഹനങ്ങള്‍ എത്തിയിരുന്നു.
മഴക്കാലത്ത് അടക്കം ത്രിവേണിയുടെ വാഹനങ്ങള്‍ താഴത്തങ്ങാടി, കുമരകം തുടങ്ങിയ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശത്ത് താമസിക്കുന്നവർക്ക് ഉപകാരമായിരുന്നു. കാഞ്ഞിരം പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഫ്ലോട്ടിങ് ത്രിവേണി സൂപ്പർ സ്റ്റോർ നിലച്ചിട്ട് രണ്ട് വർഷത്തിലധികമായി. പുതിയ പാലം വന്നതിനെ തുടർന്ന് അക്കരെയുള്ളവർ നഗരത്തിലേക്ക് എത്താനായതോടെ ഫ്ലോട്ടിങ് സ്റ്റോറിന്റെ പ്രധാന്യം കുറഞ്ഞു.
സാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചതും സ്റ്റോറിന്റെ ഉപഭോക്താക്കൾ കുറഞ്ഞുതുടങ്ങി. കാഞ്ഞിരം ജെട്ടിയില്‍ സംരക്ഷണം ഇല്ലാതായതോടെ ബോട്ടില്‍ വെള്ളം കയറി മുങ്ങുകയായിരുന്നു. അറ്റകുറ്റപ്പണിക്ക് ഒരു ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. 50 ലക്ഷം രൂപ മുടക്കിയാണ് സ്റ്റോർ നിർമിച്ചത്.
പൊതുഅവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസങ്ങളിലും ഉള്‍നാടൻ ജലഗതാഗത സർവിസിന്റെ മാതൃകയില്‍ പ്രധാന ബോട്ട് ജെട്ടികളില്‍ സൂപ്പർ സ്റ്റോർ പാർക്ക് ചെയ്തിരുന്നു. ഓണമെത്താൻ ഒരുമാസം ബാക്കിനിലക്കെ വിലക്കുറവുമായി ത്രിവേണി മൊബൈല്‍ വാഹന യൂനിറ്റുകൾ സർവിസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.c
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

