വികസനത്തിന്റെ പേരിൽ കോട്ടയം നഗരത്തിൽ അരിഞ്ഞുകൂട്ടിയത് 13 തണൽ വൃക്ഷങ്ങൾ
text_fields1) വെച്ചൂരിൽ മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടി നട്ടുവളർത്തിയ ചെടികൾ വെട്ടിമാറ്റിയ നിലയിൽ 2) കലക്ട്രേറ്റിന് സമീപത്തെ സിഗ്നലിനടുത്തുള്ള മരങ്ങൾ വെട്ടിമാറ്റിയ നിലയിൽ 3) നഗരസഭാ പരിധിയിൽ മരങ്ങൾ
മുറിച്ചതിനെതിരെ ജില്ല സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ മരത്തിൽ ധർണ
കോട്ടയം: കൊടുംവേനലിൽ ചൂട് വർധിക്കുമ്പോഴും നഗരപ്രദേശങ്ങളിലെ മരങ്ങൾ വെട്ടിമാറ്റുന്നത് തുടരുന്നു. തിരുനക്കര, ശാസ്ത്രി റോഡ്, ലോഗോസ്, കോടിമത, ഈരയിൽകടവ് തുടങ്ങിയ പ്രദേശങ്ങളിൽ നഗരത്തിന്റെ ഉൾഭാഗങ്ങളിലും മനുഷ്യനും മൃഗങ്ങൾക്കുമടക്കം തണലേകിയ നിരവധി മരങ്ങളാണ് അപ്രത്യക്ഷമായത്.
നഗരപരിധിയിൽ അവധിയുടെ മറവിൽ അനധികൃതമായി വെട്ടിനീക്കിയത് 13 തണൽ വൃക്ഷങ്ങളാണ്. ലോഗോസ് ജങ്ഷൻ-ഗുഡ്ഷെപ്പേഡ് റോഡരികിലെ മരങ്ങളാണ് വെട്ടിയത്. പൊലീസ് പരേഡ് മൈതാനത്തിനും എതിർവശത്തെ ദേവാലയത്തിനും സമീപത്തായി 14 മരങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ അവശേഷിക്കുന്നത് ഒരു മരം മാത്രമാണ്. രണ്ട് മരത്തിന്റെ തായ്തടിയും ഇവിടെ അവശേഷിക്കുന്നുണ്ട്. ഞാവലും മാവും അടക്കമുള്ള മരങ്ങളാണ് അർധരാത്രിയിൽ മുറിച്ചുകടത്തിയത്. 10 ലക്ഷം രൂപയോളം വാർഷിക പാരിസ്ഥിതിക മൂല്യമുള്ള 13 വൃക്ഷങ്ങൾ വെട്ടിനശിപ്പിച്ചതായാണ് പരിസ്ഥിതിപ്രവർത്തകർ പറയുന്നത്.
റോഡിൽനിന്ന് മൂന്നുമീറ്റർ മാറിയാണ് മരങ്ങൾ നിന്നിരുന്നത്. നഗരസഭ പരിധിയിൽ സർക്കാർവക സ്ഥലത്തെ മരങ്ങൾ വെട്ടണമെങ്കിൽ സോഷ്യൽ ഫോറസ്റ്ററി അസിസ്റ്റന്റ് കൺസർവേറ്ററെയും മറ്റ് കമ്മറ്റി അംഗങ്ങളെയും പങ്കെടുപ്പിച്ച് നഗരസഭ സെക്രട്ടറി ട്രീ കമ്മറ്റി വിളിക്കണമെന്നിരിക്കെ ഈ നടപടിക്രമങ്ങൾ പാലിക്കാതെയാണ് മരങ്ങൾ മുറിച്ചുകടത്തിയത്. ഇത് കൂടാതെ കറുകച്ചാലിൽ വർഷങ്ങൾ പഴക്കമുള്ള താന്നിമരം മുറിച്ചുനീക്കാൻ അനധികൃത നടപടികൾ നടക്കുന്നതായും ആക്ഷേപമുണ്ട്. നഗരസഭ സെക്രട്ടറിയുടെ റിപ്പോർട്ടും ഇല്ല. പൊതുമുതൽ നശപ്പിച്ചതിനെതിരെ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പൊലീസിനും ജില്ല ഭരണകൂടത്തിനും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് പരിസ്ഥിതി സ്നേഹികൾ. സംഭവത്തിൽ ജില്ല പഞ്ചായത്തിനും നഗരസഭക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പരിസ്ഥിതി സ്നേഹികൾ അറിയിച്ചു.
അവർ പിഴുതത് ചെടിയല്ല, ചെറിയ സന്തോഷങ്ങളാണ്
കോട്ടയം: സാമൂഹികവിരുദ്ധരുടെ ക്രൂര വിനോദത്തിൽ മനസുടഞ്ഞ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി. നിർദാക്ഷിണ്യം ചെടികൾ പിഴുതെറിഞ്ഞവർ അറിഞ്ഞില്ല അത് നട്ടുവളർത്തിയവരിലുണ്ടായ ആഘാതം. വെച്ചൂർ പഞ്ചായത്ത് മൂന്നാംവാർഡിൽ വലിയപൂത്തറയിൽ തങ്കമ്മയുടെ മക്കൾ പരിപാലിച്ചുവന്ന പൂന്തോട്ടം സാമൂഹികവിരുദ്ധർ നശിപ്പിച്ചതായാണ് പരാതി. കഴിഞ്ഞമാസം മൂന്നിനാണ് സംഭവം. മാരകായുധങ്ങളുമായി എത്തിയ ഒരുപറ്റം ആളുകളെ കണ്ട് പെൺകുട്ടി നന്നായി ഭയപ്പെട്ടു. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീട്ടിലെത്തിയ അമ്മയും സഹോദരനും പേടിച്ചു വിറച്ച് വിഭ്രാന്തി കാണിക്കുന്ന പെൺകുട്ടിയെയാണ് കാണുന്നത്.
കാവടിഘോഷയാത്രയുടെ ഭാഗമായി റോഡരിക് വെട്ടിത്തെളിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിലിനോട് ചേർന്ന് നട്ടുവളർത്തിയ ചെടികൾ വെട്ടിനശിപ്പിച്ചത്. തുടർന്ന് ചെടികൾ വളരാതിരിക്കാൻ കളനാശിനി തളിച്ചെന്നും പരാതിയുണ്ട്. സംഭവത്തിൽ വാർഡ് മെമ്പർക്കും പഞ്ചായത്ത് പ്രസിഡന്റിനും വാർഡ്തല ജാഗ്രതാ സമിതിക്കും പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി പഞ്ചായത്തിന്റെ അധികാരപരിധിയിൽ വരില്ലെന്നാണ് ലഭിച്ച മറുപടി. വിവരമറിഞ്ഞ് പ്രദേശത്തെ ആശാവർക്കറും ഹെൽത്ത് ഇൻസ്പെക്ടറും വാർഡ് മെമ്പറും വിവരങ്ങൾ അന്വേഷിക്കുകയും പെൺകുട്ടിയിൽ നിന്നും പരാതി എഴുതിവാങ്ങുകയും ചെയ്തിരുന്നു. എന്നാൽ പൊലീസിൽ നിന്നോ പഞ്ചായത്തിൽ നിന്നോ അനുകൂല നടപടി ഉണ്ടാകാതെ വന്നതോടെ തങ്കമ്മ കലക്ടർക്ക് പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്താൻ വൈക്കം എസ്.എച്ച്.ഒക്ക് കലക്ടർ നിർദ്ദേശം നൽകി.
ചെടികൾ വെട്ടിനീക്കിയവർ വീട്ടമ്മയെ പരിഹസിക്കുകയും ആക്രോശിക്കുകയും ചെയ്തതായി പരാതിയുണ്ട്. വീട്ടമ്മയുടെ ജീവനും സ്വത്തിനും ഭീഷണി നിലനിൽക്കുന്നതായും പരാതിയിൽ പറയുന്നു. വീടിന്റെ മതിലിനോട് ചേർന്ന് റോഡിലെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടാതെ ഏറെ കരുതലോടെ നട്ടുപരിപാലിച്ച ചെടികൾ നിർദാക്ഷിണ്യം വെട്ടിമുറിച്ചതിലൂടെ മാനസികാഘാതം നേരിട്ട മകൾക്ക് നീതി ലഭിക്കാൻ നിയമപോരാട്ടത്തിലാണ് ഈ വീട്ടമ്മ.
മരത്തിൽ ധർണ്ണ’ നടത്തി പരിസ്ഥിതിപ്രവർത്തകർ
കോട്ടയം: റോഡരികിൽ നിന്ന 13 മരങ്ങൾ അനുമതിയില്ലാതെ വെട്ടിയതിൽ അന്വേഷണം നടത്തുക, പൊതുമരാമത്ത് റോഡ് വിഭാഗത്തിനെതിരെ കേസെടുക്കുക, നഗരസഭ ട്രീ കമ്മറ്റി വിളിച്ചുചേർക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ല പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ ‘മരത്തിൽ ധർണ്ണ’ എന്ന പേരിൽ ധർണ്ണ നടത്തി. പൊലീസ് പരേഡ് മൈതാനത്തിന് സമീപത്തെ മരത്തിൽ കയറിനിന്നാണ് പരിസ്ഥിതി സ്നേഹികൾ ധർണ്ണ നടത്തിയത്.
പരിസ്ഥിതിപ്രവർത്തകൻ കെ. ബിനു ധർണ്ണ ഉദ്ഘാടനം ചെയ്തു. ജോസ് ചമ്പക്കര അധ്യക്ഷത വഹിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച പ്രഫ. സി.പി. റോയി പീറ്ററിനെ ആദരിച്ചു. ഗോപാലകൃഷ്ണൻ തപസ്യ, ഗോപു നട്ടാശ്ശേരി, എ.പി. തോമസ്, കെ.എ. ഏബ്രഹാം, അജയ്, ബി. പ്രദീപ്, അഡ്വ. സന്തോഷ് കണ്ണഞ്ചിറ, രതീഷ് വൈക്കം, അനീഷ് ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.