മരം വീണ് വൈദ്യുതി പോസ്റ്റ് ചരിഞ്ഞു; കോട്ടയം നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്
text_fieldsകെ.കെ റോഡിലേക്ക് വീണ മരത്തിന്റെ ശിഖരങ്ങൾ അഗ്നിരക്ഷാസേന അംഗങ്ങൾ
മുറിച്ചുമാറ്റുന്നു
കോട്ടയം: കെ.കെ റോഡിൽ കലക്ടറേറ്റിന് സമീപം മരം വീണ് ആറ് വൈദ്യുതി പോസ്റ്റുകൾ ചരിഞ്ഞു. നഗരത്തിൽ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ കലക്ടറേറ്റിന് എതിർവശം ലൂർദ് പള്ളി കവാടത്തിലെ മരത്തിന്റെ വലിയ ശിഖരമാണ് ശക്തമായ മഴക്കൊപ്പം റോഡിനു കുറുകെ ഒടിഞ്ഞു വീണത്. വൈദ്യുതി ലൈനിനും കേബിളിനും മുകളിലേക്കാണ് മരം വീണത്. എപ്പോഴും തിരക്കുള്ള റോഡിൽ തലനാരിഴക്കാണ് വന്‍ അപകടം ഒഴിവായത്. അപകടത്തെത്തുടര്‍ന്ന് കഞ്ഞിക്കുഴി മുതല്‍ ബസേലിയോസ് കോളജ് ജങ്ഷന് വരെ ഗതാഗതം പൂര്‍ണമായി തിരിച്ചുവിടേണ്ടി വന്നു. ഇടറോഡുകള്‍ അടക്കം ഗതാഗതക്കുരുക്കില്‍ മുങ്ങി.
കോട്ടയം കലക്ടറേറ്റിന് സമീപം കെ.കെ റോഡിലേക്ക് മരത്തിന്റെ ശിഖരങ്ങൾ വീണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും താഴേക്ക് പതിച്ചപ്പോൾ
കെ.കെ റോഡില്‍ കിഴക്ക് നിന്നുവന്ന വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍നിന്ന് ഇറഞ്ഞാല്‍ വട്ടമൂട് വഴി തിരിച്ചുവിട്ടു. കുരുക്ക് രൂക്ഷമായതോടെ ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ കളത്തിപ്പടിയില്നിന്ന് പൊന്‍പള്ളി-ചവിട്ടുവരി വഴിയും മണര്‍കാട്ടുനിന്ന് തിരിച്ചുവിട്ടു. പുതുപ്പള്ളി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പുതുപ്പള്ളിയിലും കഞ്ഞിക്കുഴിയില്‍നിന്നും തിരിച്ചുവിട്ടു. വൈകീട്ടായതിനാൽ വിദ്യാർഥികളും ഓഫിസിൽ നിന്നുമടങ്ങുന്നവരും ഏറെ നേരം വലഞ്ഞു. അഗ്നിരക്ഷാസേന എത്തിയാണ് ശിഖരങ്ങൾ മുറിച്ചുമാറ്റിയത്. ഒന്നര മണിക്കൂറിനകം മരം വെട്ടിമാറ്റിയെങ്കിലും വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റാന്‍ കഴിയാതെ വന്നതോടെ ഗതാഗതക്കുരുക്ക് നീണ്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയും പൊലീസും മണിക്കൂറുകള്‍ പ്രയത്നിച്ചാണ് രണ്ടര മണിക്കൂറിനുശേഷം ഗതാഗത തടസ്സം നീക്കിയത്. പോസ്റ്റുകൾ ക്രെയിൻ ഉപയോഗിച്ച് നീക്കി. നേരത്തേ ശിഖരം ഒടിഞ്ഞ് വീണതിനെ തുടർന്ന് ഈ മരം മുറിച്ച് മാറ്റണമെന്ന് സമീപത്തെ വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

