വൈദ്യുതിമുടക്കം; വഴിമുട്ടി ജലപാത
text_fieldsകോട്ടയം: വൈദ്യുതി തടസ്സവും യന്ത്രത്തകരാറുകളും കോട്ടയം-ആലപ്പുഴ ജലഗതാഗത പാതയിലെ യാത്ര ദുരിതപൂർണമാക്കുന്നു. സർക്കാർ ഉദ്യോഗസ്ഥരും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് മണിക്കൂറുകളോളം ബോട്ടിനുള്ളിൽ കുടുങ്ങി വലയുന്നത്.
ഏറ്റവുമൊടുവിൽ വിദേശ സഞ്ചാരികളടക്കമുള്ളവരുമായി ബോട്ട് മണിക്കൂറുകളോളം തടസ്സപ്പെട്ടതോടെ, പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. അടിക്കിടെയുള്ള വൈദ്യുതി മുടക്കമാണു ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നത്.
പൊക്ക് പാലം പ്രവർത്തനം നിലക്കുമ്പോൾ ബോട്ടുകൾ മണിക്കൂറോളം വഴിയരികിൽ കാത്തു കിടക്കേണ്ട അവസ്ഥയാണ്. നഗരത്തിലേക്ക് ദിവസേന എത്തുന്ന സർക്കാർ ഓഫിസുകളിലെയും സ്കൂളുകളിലെയും കോളജുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരും വിദ്യാർഥികളുമാണ് പ്രധാനമായും ദുരിതം അനുഭവിക്കുന്നത്. നിരവധി തവണ നഗരസഭ അധികൃതർക്ക് പരാതി നൽകിയിട്ടും ദുരിതത്തിന് അറുതിയായില്ല.
ആലപ്പുഴയിൽനിന്നു കോട്ടയത്തേക്കു വരികയായിരുന്ന ബോട്ട് ഏറ്റവും ഒടുവിൽ തടസ്സപ്പെട്ടത് കഴിഞ്ഞദിവസമാണ്. ഫ്രാൻസിൽനിന്ന് എത്തിയ സഞ്ചാരികളടക്കം നിരവധി യാത്രക്കാർ ബോട്ടിലുണ്ടായിരുന്നു.
ഈ സമയം പൊക്ക് പാലം വൈദ്യുതി തടസ്സത്തെ തുടർന്ന് പൊങ്ങാതെ വന്നു. ബോട്ട് നിർത്തിയിട്ട് മണിക്കൂറോളം കാത്തു കിടക്കേണ്ടിവന്നു. 11ഓടെ വൈദ്യുതി പുനസ്ഥാപിച്ച ശേഷമാണ് യാത്ര തുടരാനായത്.
പത്തു മാസം മുമ്പും സമാനമായി വൈദ്യുതി മുടങ്ങി പാലം ഉയർത്താനാകാതെ ബോട്ട് തിരിച്ചുപോയിരുന്നു. നഗരസഭ 45-ാംവാർഡിൽ വേളൂർ പുത്തനാറിന് കുറുകെയാണ് പാലം.
കോട്ടയം -ആലപ്പുഴ ബോട്ട് സർവീസ് ഈ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. പാലത്തിന് മറുവശത്തായി 70ഓളം വീടുകളും അഞ്ചു പാടശേഖരങ്ങളുമുണ്ട്. 16ൽചിറ, പാറേച്ചാൽ, കാഞ്ഞിരം തുടങ്ങിയ ഭാഗങ്ങളിൽ കയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അഞ്ചോളം പൊക്ക് പാലങ്ങളും ഇപ്പോഴും ഉപയോഗത്തിലാണ്. മോട്ടോർ സ്ഥിതി ചെയ്യുന്ന ഭാഗത്തെ ഫൗണ്ടേഷൻ ഇളകിയും കാറ്റിലും മഴയിലും കയർപാലം തകർന്നും കിടക്കുകയാണ്.
മോട്ടോർ പ്രവർത്തിപ്പിക്കുന്ന യന്ത്രസാമഗ്രികൾക്കും നിരന്തരം തകരാറ് സംഭവിക്കുന്നു. വൈദ്യുതി മുടക്കം പതിവായതിനാൽ ജനറേറ്റർ സംവിധാനം വേണമെന്ന ആവശ്യത്തിലും നടപടി ഉണ്ടായിട്ടില്ല. 13 വർഷം മുമ്പ് 45 ലക്ഷം രൂപ മുടക്കി നിർമിച്ച പാലം കാലപ്പഴക്കത്താൽ തുരുമ്പെടുക്കുകയും മോട്ടോർ ഉൾപ്പെടെ യന്ത്രസാമഗ്രികൾ തകരാറിലാവുകയും ചെയ്തിട്ടുണ്ട്.
ഇലക്ട്രിക് പാലം മാറ്റി പുതിയ ഉയരമുള്ള പാലം നിർമിക്കാനുള്ള ലീഗൽ സർവീസ് സൊസൈറ്റി നിർദേശവും നഗരസഭ നടപ്പാക്കിയിട്ടില്ല. യാത്രക്കാരുടെയും വിദ്യാർഥികളുടെയും ദുരിതം കണ്ടില്ലെന്നു നടിക്കുന്ന നഗരസഭ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കോട്ടയം -ആലപ്പുഴ ജലപാതയിലെ യാത്ര പ്രതിസന്ധി വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

