ബുക്ക് ചെയ്ത വിമാനടിക്കറ്റ് സമ്മതമില്ലാതെ റദ്ദു ചെയ്ത് ട്രാവൽ ഏജൻസി ; 50000 രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ
text_fieldsകോട്ടയം: ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ഉപയോക്താവിന്റെ സമ്മതമില്ലാതെ റദ്ദാക്കുകയും അധികതുക ആവശ്യപ്പെടുകയും ചെയ്ത ട്രാവൽ ഏജൻസിക്ക് നഷ്ടപരിഹാരം വിധിച്ച് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. കളത്തൂർ സ്വദേശിയായ മാത്യു സെബാസ്റ്റ്യൻ പീടിയേക്കൽ നൽകിയ പരാതിയിലാണ് ഓൺലൈൻ ട്രാവൽ ഏജൻസിയായ ക്ലിയർ ട്രിപ് പ്രൈവറ്റ് ലിമിറ്റഡ് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ കമീഷൻ ഉത്തരവിട്ടത്.
കൊച്ചിയിൽനിന്ന് മുംബൈയിലേക്കുള്ള യാത്രക്കാണ് മാത്യു സെബാസ്റ്റ്യൻ 10,584 രൂപ നിരക്കിൽ ക്ലിയർ ട്രിപ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. ബുക്ക് ചെയ്ത് അഞ്ച് മണിക്കൂറിനുള്ളിൽ തന്നെ ബുക്കിങ് സ്ഥിരീകരിച്ചതായി വാട്സആപ്പിലൂടെ സന്ദേശം ലഭിക്കുകയും ഇ-മെയിൽ വഴി ഇ-ടിക്കറ്റ് അയക്കുകയും ചെയ്തു. എന്നാൽ, ഒരുമണിക്കൂറിന് ശേഷം ട്രാവൽ ഏജൻസിയിൽനിന്ന് ടിക്കറ്റ് നിരക്ക് വർധിച്ചതായും ബുക്കിങ് റദ്ദാക്കുകയാണെന്നും അറിയിപ്പ് ലഭിച്ചു.
ബുക്കിങ് റദ്ദാക്കരുതെന്ന് ഉപഭോക്താവ് അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ സമ്മതമോ അറിവോ കൂടാതെ വിമാന ടിക്കറ്റിന് റദ്ദാക്കുകയും മുഴുവൻ നിരക്കും ട്രാവൽ ഏജൻസി തിരികെ നൽകുകയും ചെയ്തു. ഇതേ തുടർന്ന്, മറ്റൊരു ട്രാവൽ ഏജൻസിയിൽനിന്ന് 13,948 രൂപ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവന്നു. ട്രാവൽ ഏജൻസിയുടെ ഭാഗത്തുനിന്ന് ഉപയോക്താവിനുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ തർക്കപരിഹാര കമീഷനാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

