ബേക്കർ ജങ്ഷനിൽ ട്രാഫിക് പരിഷ്കാരം; കുമരകം റോഡിൽനിന്ന് വരുന്ന ബസുകൾ ഇന്നു മുതൽ ശാസ്ത്രി റോഡിലേക്ക്
text_fieldsകോട്ടയം ബേക്കർ ജങ്ഷൻ
കോട്ടയം: കുമരകം റോഡിൽനിന്ന് വരുന്ന ബസുകൾ തിങ്കളാഴ്ച മുതൽ ബേക്കർ ജങ്ഷനിൽ നിർത്താതെ ശാസ്ത്രി റോഡിൽ ആളെ ഇറക്കും. നഗരത്തിലെ വാഹനത്തിരക്ക് ഒഴിവാക്കാനാണ് പരിഷ്കാരം. കുമരകം റോഡിൽനിന്നു വരുന്ന ബസുകൾ ബേക്കര്‍ ജങ്ഷനു സമീപത്തെ ഇടുങ്ങിയ റോഡിലൂടെ എം.സി. റോഡില്‍ പ്രവേശിച്ച് യാത്രക്കാരെ ഇറക്കിയാണ് നാഗമ്പടം സ്റ്റാൻഡിലേക്കു പോയിരുന്നത്.
ഇടുങ്ങിയ റോഡിൽ ബസ് നിർത്തിയിട്ടാൽ പുറകെ വരുന്ന വാഹനങ്ങളെല്ലാം കാത്തുനിൽക്കണം. ഇത് കുമരകം റോഡിൽ കുരുക്കുണ്ടാക്കുന്നുണ്ട്. ഇതേ സമയം തിരുനക്കര ഭാഗത്തു നിന്നു വരുന്ന ബസുകള്‍ കുമരകം റോഡിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും. ഇവിടത്തെ തിരക്കൊഴിവാക്കാനാണ് ട്രാഫിക് പൊലീസ് പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് മാറ്റുന്നത്.
കുമരകം ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ബേക്കര്‍ ജങ്ഷനില്‍ എത്തി ട്രാഫിക് സിഗ്നൽ കടന്ന് ശാസ്ത്രി റോഡില്‍ യാത്രക്കാരെ ഇറക്കണം. ഇവിടെനിന്ന് നേരെ നാഗമ്പടം സ്റ്റാൻഡിലേക്കു പോകണം. കുമരകം റോഡിലേക്ക് തിരികെ പോകുന്ന ബസുകള്‍ പതിവു രീതിയില്‍ നാഗമ്പടത്തുനിന്ന് നേരെ ബേക്കര്‍ ജങ്ഷനില്‍ എത്തി പോകണം.
രാവിലെയും വൈകിട്ടും കനത്ത കുരുക്കാണ് ബേക്കർ ജങ്ഷനിൽ. സ്വകാര്യ ബസുകൾ സ്റ്റോപ്പുകളും സമയക്രമവും നിര്‍ദേശങ്ങളും പാലിക്കാത്തതും ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നു. കെ.കെ. റോഡില്‍ ഇടുക്കി ജില്ലയില്‍നിന്ന് വരുന്ന സ്വകാര്യ ബസുകള്‍ കലക്ടറേറ്റില്‍നിന്ന് തിരിഞ്ഞു ലോഗോസ് ജങ്ഷന് -കുര്യന് ഉതുപ്പു റോഡ് വഴിയാണ് നാഗമ്പടത്ത് പോകേണ്ടത്. എന്നാല്‍, പല ബസും നഗരത്തിലെത്തി തിരുനക്കര വഴിയാണ് നാഗമ്പടത്തേക്കു പോകുന്നത്. കൃത്യമായ റൂട്ടും സമയക്രമവും പാലിക്കണമെന്ന് ബസുകൾക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഉറപ്പാക്കുമെന്നും ട്രാഫിക് എസ്.എച്ച്.ഒ. പറഞ്ഞു.
ഫ്രീ ലെഫ്റ്റാണെന്ന് കൂടി പറയണേ
കോട്ടയം: ബേക്കർ ജങഷ്നിൽ നിന്ന് കുമരകം റോഡിലേക്കു വരുന്ന വാഹനങ്ങൾക്കു സിഗ്നലിൽ നിർത്താതെ ഇടത്തോട്ടു പോകാം. എന്നാൽ നാഗമ്പടത്തേക്കുള്ള ബസുകളടക്കം വഴി മുടക്കി സിഗ്നലിൽ നിർത്തിയിടും. ഇതു നിയന്ത്രിക്കാൻ ആരുമില്ല.
കുമരകം റോഡിലേക്കു പോകേണ്ട വാഹനങ്ങൾ പുറകിൽ കാത്തുകിടക്കണം. ഇത് ആകാശപ്പാതക്ക് കീഴെയും വാഹനങ്ങളെ കുരുക്കിയിടും. ഇടതുഭാഗത്ത് കൂടി കടത്തിവിട്ടാൽ വലിയൊരു ഭാഗം വാഹനങ്ങൾ ജങ്ഷനിൽനിന്നു മാറും. സിഗ്നലിൽ ട്രാഫിക് പൊലീസ് ഡ്യൂട്ടിക്കുള്ളപ്പോഴും ഇതാണ് അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

