മെഡിക്കൽ കോളജിൽ ശൗചാലയം പൊളിച്ചു; ബദൽ സംവിധാനമില്ല
text_fieldsമെഡിക്കൽ കോളജ് ആശുപത്രി ആറാം വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ മറ്റൊരു വാർഡിലെ ശുചിമുറിയിലേക്ക്
കൊണ്ടുപോകുന്നു
ഗാന്ധിനഗർ: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പകരം സംവിധാനം ഒരുക്കാതെ മെഡിക്കൽ കോളജ് ആശുപത്രിയുടെ ആറാം വാർഡിൽ ശൗചാലയം പൊളിക്കൽ തുടങ്ങി. ഇതോടെ പ്രാഥമിക കൃത്യനിർവ്വഹണത്തിന് രോഗികളും കൂട്ടിരിപ്പുകാരും നെട്ടോട്ടം ഓടുകയാണ്. മെഡിസിൻ വിഭാഗത്തിൽ പുരുഷന്മാരുടെ വാർഡാണ് ആറ്.
മറ്റ് വാർഡുകളുടെ ശുചിമുറി ഉപയോഗിക്കണമെന്നാണ് അധികൃതർ പറയുന്നതെങ്കിലും സമീപത്തെ ഏഴാം വാർഡിൽ നാല് ശുചിമുറികൾ മാത്രമാണുള്ളത്. ഒരുവാർഡിൽ ശരാശരി 65 കിടക്കകളാണ് ഉള്ളതെങ്കിലും തറയിൽ പായ് വിരിച്ച് കിടക്കുന്ന രോഗികൾ ഉൾപ്പെടെ 120 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഒരു രോഗിക്ക് കൂട്ടിരിപ്പിനായി ചുരുങ്ങിയത് ഒരാളുണ്ടാകും. ഇത്രയും പേർക്ക് തൊട്ടടുത്ത നാല് ശുചിമുറികൾ ഉപയോഗിക്കണമെന്നാണ് നിർദേശം.
ആരോഗ്യസ്ഥിതി അൽപം മെച്ചപ്പെട്ടവർ പടികൾ കയറിയിറങ്ങി മറ്റ് വാർഡുകളിൽ എത്തും. എഴുന്നേറ്റ് നടക്കാൻ പറ്റാത്തവരെ സ്ട്രച്ചറിലും മറ്റും കൊണ്ടുപോയാണ് പ്രാഥമിക കൃത്യം നിർവ്വഹിപ്പിക്കുന്നത്. അഞ്ച് മാസം മുമ്പ് പഴയ ജനറൽ സർജറി വാർഡിലെ ശൗചാലയം തകർന്ന് തലയോലപ്പറമ്പ് സ്വദേശിനി മരിച്ചിരുന്നു. ഇതേ തുടർന്ന് നിരവധി വാർഡുകളും പ്രധാന ശസ്ത്രക്രിയ തിയറ്ററും ഇവിടെ നിന്ന് പുതിയ സർജറി ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

