തിരുനക്കര ബസ് ബേ; കലക്ടർക്ക് സമ്മതപത്രം നൽകി നഗരസഭ
text_fieldsതിരുനക്കര ബസ് സ്റ്റാൻഡ്
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് ബേ ആരംഭിക്കുന്നതിൽ എതിർപ്പില്ലെന്ന് കാട്ടി ട്രാഫിക് റെഗുലേറ്ററി കൺവീനർ കൂടിയായ കലക്ടർക്ക് കോട്ടയം നഗരസഭ സമ്മതപത്രം നൽകി. തിങ്കളാഴ്ചയാണ് ലീഗൽ സർവിസ് അതോറിറ്റി (ഡി.എസ്.എൽ.എ) ഇതുസംബന്ധിച്ച കേസ് പരിഗണിക്കുന്നത്. അതിനുമുമ്പ് തീരുമാനം അറിയിക്കാൻ മുനിസിപ്പാലിറ്റിക്ക് കർശന നിർദേശം നൽകിയിരുന്നു. തുടർന്നാണ് സെക്രട്ടറിയുടെ അടിയന്തര നടപടി.
കെട്ടിടം പൊളിച്ചുമാറ്റുന്നതിനു മുമ്പുണ്ടായിരുന്ന വിധത്തിൽ താൽക്കാലിക ബസ് സ്റ്റോപ് അനുവദിക്കാമെന്നും നഗരസഭക്ക് ഇതിൽ എതിർപ്പില്ലെന്നുമാണ് സമ്മതപത്രത്തിൽ പറഞ്ഞിരിക്കുന്നത്. കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാൻഡിലെ ബസ് ബേ മാറ്റിയതും ബസുകൾ വഴി തിരിച്ചുവിട്ടതും. ബസുകൾ പോസ്റ്റ് ഓഫിസിനു മുന്നിലും പിന്നിലുമായാണ് നിർത്തിയിരുന്നത്. ഇതോടെ യാത്രക്കാർ പെരുവഴിയിലായിരുന്നു. മഴയിലും വെയിലിലും റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട ഗതികേടിലുമായി. റോഡിലെ വാഹനങ്ങളുടെ കുരുക്കും നിയന്ത്രണാതീതമായിരുന്നു. കെട്ടിടം പൊളിച്ചുമാറ്റൽ പൂർത്തിയായിട്ടും ബസ് ബേ പുനരാരംഭിക്കൽ പല കാരണങ്ങളാൽ നീണ്ടു. ബസുകൾ കയറിപ്പോകുന്നതല്ലാതെ സ്റ്റാൻഡിൽനിന്ന് ആളെ എടുക്കുന്നില്ല.
നേരത്തേ ബസ് ബേ ആരംഭിക്കുന്നതു സംബന്ധിച്ച് കലക്ടർ മുനിസിപ്പാലിറ്റിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, കാത്തിരിപ്പുകേന്ദ്രം നിർമിച്ച ശേഷം ബസ് ബേ പുനരാരംഭിക്കാമെന്നായിരുന്നു മുനിസിപ്പാലിറ്റി നിലപാട്. താൽക്കാലിക ബസ് ബേ നിർമിക്കാൻ മുനിസിപ്പൽ കൗൺസിൽ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ടെൻഡർ നടപടികളിലേക്കു കടക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ്, അതുവരെ കാത്തിരിക്കേണ്ടതില്ലെന്നും അടിയന്തരമായി സ്റ്റാൻഡിൽ ബസുകൾ നിർത്താൻ സംവിധാനമൊരുക്കാനും ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി. പ്രവീൺകുമാർ നിർദേശിച്ചത്.
കലക്ടർ തീരുമാനമെടുത്താലേ എന്നുമുതൽ ബസ് ബേ തുടങ്ങാനാവൂ എന്ന് വ്യക്തമാകൂ. തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ച വ്യാപാരികളുടെ പുനരവധിവാസം സംബന്ധിച്ച് ജൂലൈ 17നകം തീരുമാനമെടുക്കാനും ഡി.എസ്.എൽ.എ മുനിസിപ്പാലിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

