വേമ്പനാട് കായലിലേക്ക് മാലിന്യംതള്ളൽ; 215 സ്ഥാപനങ്ങൾക്ക് നോട്ടീസ്
text_fieldsകോട്ടയം: വേമ്പനാട് കായലിലേക്ക് മലിനജലം ഒഴുക്കിയതായി കണ്ടെത്തിയ ജില്ലയിലെ 215 സ്ഥാപനങ്ങൾക്ക് നോട്ടീസ്. 106 ഹൗസ് ബോട്ടുകൾ, 109 അപ്പാര്‍ട്മെന്റുകൾ, ഹോട്ടലുകൾ അടക്കം സ്ഥാപനങ്ങൾക്കാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാരണംകാണിക്കൽ നോട്ടീസ് നല്‍കിയത്. നിയമലംഘനം തുടർന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അനുമതിപത്രം പിൻവലിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹൗസ് ബോട്ടുകൾ അടക്കം വലിയതോതിൽ കായലിലേക്ക് മാലിന്യം തള്ളുന്നതായി പലതവണ കണ്ടെത്തിയിരുന്നു. പാരിസ്ഥിതിക പ്രാധാന്യമുള്ള തണ്ണീര്‍ത്തട പട്ടികയില്‍ ഉള്‍പ്പെട്ട വേമ്പനാട് കായൽ മലിനമാക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് നേരത്തെ ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് സര്‍ക്കാറിന് നിർദേശം നൽകിയിരുന്നു.
ഇതെതുടർന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി. 1974ലെ ജലമലിനീകരണം തടയലും നിയന്ത്രണവും നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് നൽകിയ വിവരം ഇവർ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിട്ടുമുണ്ട്. പല സ്ഥാപനങ്ങൾക്കും മലിനജല സംസ്കരണ പ്ലാന്റ് ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവക്കൊപ്പം പീലിങ് ഷെഡുകള്‍ അടക്കമുള്ളവക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
കൈയേറ്റം; കരയായത് 158.7 ചതുരശ്ര കി. മീ. കായൽ
കോട്ടയം: മലിനീകരണവും ൈകയേറ്റവും മൂലം വേമ്പനാട് കായൽ മരണക്കിടക്കയിൽ. ഇതുസംബന്ധിച്ച് നിരവധി പഠനറിപ്പോർട്ടുകൾ പുറത്തുവന്നിട്ടും ഗൗരവനടപടികളില്ല. അടുത്തിടെ കേരള ഫിഷറീസ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കായലിന്റെ പകുതിയിലധികവും നികത്തപ്പെട്ടുവെന്ന് കണ്ടെത്തിയിരുന്നു.
വൻതോതിലുള്ള കൈയേറ്റം മൂലം ജലസംഭരണ ശേഷി 85.3 ശതമാനം കുറഞ്ഞു. കായലിലുണ്ടായിരുന്ന അറുപത് ഇനം മത്സ്യങ്ങൾ അപ്രത്യക്ഷമായതായും പഠനറിപ്പോര്‍ട്ട് പറയുന്നു. 120 വർഷത്തിനിടെ 158.7 ചതുരശ്രകിലോമീറ്റർ കായലാണ് കരയായത്. മാലിന്യം അടിഞ്ഞ് കായലിന്റെ ആഴവും കുറഞ്ഞു. കായലിന്റെ അടിത്തട്ടിലുള്ള മാലിന്യത്തിൽ 3,005 ടൺ പ്ലാസ്റ്റിക് മാലിന്യമാണ്. ഇതും സംഭരണശേഷി കുറയാന്‍ കാരണമായി. 1980ൽ 150 ഇനം ജീവജാലങ്ങളുണ്ടായിരുന്ന കായലില്‍ ഇപ്പോഴുള്ളത് 90 ഇനങ്ങള്‍ മാത്രം- റിപ്പോർട്ടിൽ പറയുന്നു. വേമ്പനാട് കായൽ നശിക്കുന്നത് ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

