മൂന്നു കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
text_fieldsജൽ ഹക്ക്, അക്ബർ ,അരുൺ മോൻ
കോട്ടയം: എക്സൈസ് സ്പെഷൽ സ്ക്വാഡും കോട്ടയം റേഞ്ച് എക്സൈസും വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ മൂന്നു കിലോ കഞ്ചാവ് പിടികൂടി. രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളടക്കം മൂന്നുപേർ അറസ്റ്റിൽ. വിൽപ്പനക്ക് കൊണ്ടുവന്ന ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി തലയോലപ്പറമ്പിന് സമീപം വരിക്കാം കുന്ന് നീർപ്പാറയിൽ നിന്നാണ് അസം സ്വദേശി ജൽ ഹക്ക് (25), പശ്ചിമബംഗാൾ സ്വദേശി അക്ബർ (23) എന്നിവരെ പിടികൂടിയത്.
എക്സൈസ് കമീഷണർ സ്ക്വാഡ് അംഗം അസി. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം അന്തർ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് പരിശോധനയിലാണ് ഇവർ പിടിയിലായത്.
ചിതറിയോടിയ പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണും കഞ്ചാവ് വിൽപന നടത്തിയ വകയിൽ ലഭിച്ച 8155 രൂപയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്റലിജൻസ് പ്രിവന്റിവ് ഓഫിസർമാരായ രഞ്ജിത്ത് കെ. നന്ദ്യാട്ട്, പി.ബി. ബിജു, സ്ക്വാഡ് പ്രിവന്റിവ് ഓഫിസർമാരായ കെ.ആർ. ബിനോദ്, കെ.എൻ. വിനോദ്, എസ്. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ നിഫി ജേക്കബ്, രജിത്ത് കൃഷ്ണ, പ്രശോഭ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വിദ്യാർഥികൾക്ക് വിൽക്കാൻ കൊണ്ടുവന്ന ഒന്നേകാൽ കിലോ കഞ്ചാവുമായി അറസ്റ്റിലായത് തിരുവല്ല കവിയൂർ ചെറുപുഴക്കാലായിൽ അരുൺ മോനാണ് (24 ). റേഞ്ച് ഇൻസ്പെക്ടർ പി.വൈ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ എക്സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു.
കാറ്ററിങ് ജോലി ചെയ്തിരുന്ന പ്രതി ഇടവേളകളിൽ കേരളത്തിൽ പല ജില്ലകളിലും വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ കോട്ടയത്ത് വരുമെന്ന വിവരം അറിഞ്ഞു. സ്റ്റാൻഡിൽ എത്തിയ ഇയാൾ എക്സൈസുകാരെ കണ്ട് മറ്റൊരു ബസിൽ കയറാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രവന്റിവ് ഓഫിസർമാരായ കെ. രാജീവ്, ഡി. മനോജ് കുമാർ, കണ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്യാംകുമാർ, രതീഷ് കെ. നാണു, ലാലു തങ്കച്ചൻ, കെ.എസ്. അരുൺ, അമ്പിളി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

