കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ
text_fieldsഈശ്വരി, അഖിൽ പി.രാജ്, അക്ഷയ്
കോട്ടയം: വീട്ടിൽ വിൽപനക്ക് എത്തിച്ച കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. കാരാപ്പുഴ പയ്യമ്പിള്ളിച്ചിറയിൽ ഈശ്വരി (47), കാരാപ്പുഴ പൂത്തറയിൽ അഖിൽ പി.രാജ് (27), മലരിക്കൽ ചുങ്കത്ത് അക്ഷയ് സി.അജി (26) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജില്ല ലഹരിവിരുദ്ധ സ്ക്വാഡും വെസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പയ്യമ്പള്ളിചിറയിൽ വീടിന്റെ കിടപ്പുമുറിയിൽ വിസിപ്ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന 1.713 കിലോ കഞ്ചാവാണ് പിടികൂടിയത്. ഒന്നാംപ്രതി ഈശ്വരിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ കിടപ്പുമുറിയിൽനിന്നാണ് കഞ്ചാവുമായി മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.
അഖിലും അക്ഷയും മുമ്പ് ലഹരിവസ്തുക്കൾ കച്ചവടത്തിനു സൂക്ഷിച്ച കേസുകളിൽ പ്രതികളാണ്. ഈശ്വരിയുടെ മകൻ സുന്ദർ ഗണേഷ് വെസ്റ്റ് പൊലീസ് കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതിയാണ്. എസ്.ഐമാരായ വിദ്യ, മനോജ്, എസ്.സി.പി.ഒ നിബിൻ, സിനൂപ്, സലമോൻ, അരുൺകുമാർ എന്നിവരുടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

