തൊടുപുഴ നഗരത്തിലെ സീബ്രാലൈനുകൾ മായുന്നു
text_fieldsടൗൺ ജുമാമസ്ജിദിന് മുന്നിലെ സീബ്ര ലൈൻ മാഞ്ഞ നിലയിൽ
തൊടുപുഴ: തിരക്കേറിയ നഗരത്തിലെ സീബ്രാലൈനുകൾ മാഞ്ഞുതുടങ്ങിയതോടെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രികർ അപകട ഭീതിയിൽ. അനുദിനം തിരക്കേറുന്ന തൊടുപുഴ നഗരത്തിലാണ് റോഡുകളിലെ സീബ്രാലൈനുകൾ മാഞ്ഞത്. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്ന കാൽനടയാത്രികർ റോഡ് മുറിച്ചുകടക്കുന്നത് ജീവൻ കൈയിൽപിടിച്ചാണ്.
ആയിരക്കണക്കിനാളുകൾ ദിനേന സഞ്ചരിക്കുന്ന നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം അവസ്ഥ ഇതുതന്നെയാണ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കാഞ്ഞിരമറ്റം ജംഗ്ഷൻ, ഷാപ്പുംപടി, മങ്ങാട്ടുകവല അടക്കം പലയിടത്തും വരകൾ മങ്ങിയ നിലയിലാണ്. ഇതിൽ പൊതുജനം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിലാണ്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇവിടെ വര മാഞ്ഞതിനാൽ ദുരിതം പേറുന്നത് വിവിധ ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിൽ എത്തുന്നവരാണ്. ഇതോടെ പൊതുജനങ്ങളും സിവിൽ സ്റ്റേഷനിലെ നൂറുകണക്കിന് ജീവനക്കാരുമടക്കം റോഡ് മുറിച്ചുകടക്കുന്നതിന് മിനിറ്റുകളോളം വഴിയരികിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
നിരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നവരോട് ഒരു ദയയും കാട്ടാറില്ല. ഇതിനാൽ മുവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ടവർ പലപ്പോഴും റോഡിനിപ്പുറം നിസ്സഹായതയോടെ നിൽക്കുന്നതും പതിവുകാഴ്ചയാണ്. തൊട്ടടുത്ത മുനിസിപ്പൽ പാർക്കിൽ കുട്ടികളുമായി എത്തുന്നവർക്കും ഇത് വലിയൊരു പ്രശ്നമാണ്. ഇവിടെ പാതയോരത്തുള്ള അനധികൃത പാർക്കിങ് പലപ്പോഴും വലിയ ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്.
കണ്ണടച്ച് പൊതുമരാമത്ത് വകുപ്പ്
നഗരത്തിൽ പലയിടത്തും സീബ്രാലൈനുകൾ വരക്കണമെന്നാവശ്യപ്പെട്ട് ട്രാഫിക് പൊലീസ് പലതവണ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു. സ്കൂൾ അധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ എവിടെയൊക്കെ വരകളില്ലെന്നത് സംബന്ധിച്ച വിശദ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, നടപടികളുണ്ടായില്ല.
നഗരത്തിൽ തിരക്കും ഗതാഗതക്കുരുക്കും വർധിച്ചതോടെ കഴിഞ്ഞമാസവും പുതിയ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ എല്ലാ റിപ്പോർട്ടുകളും ഫയലാക്കി വെക്കുന്നതല്ലാതെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. മുമ്പ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലടക്കം ഇക്കാര്യത്തിൽ വിമർശനമുയർന്നപ്പോൾ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുമ്പിലും പെട്ടെന്ന് ജനം ശ്രദ്ധിക്കുന്ന ചിലയിടങ്ങളിലും പേരിന് വര തെളിച്ച് മുഖം രക്ഷിക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചതെന്നും വ്യാപക പരാതിയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

