ഒരിക്കലും വാടില്ല ഈ പുഞ്ചിരി -നിഷ ജോസ് കെ. മാണി
text_fieldsമാധ്യമം ‘കുടുംബ’വും മലബാർ ഗോൾഡ് ആന്ഡ് ഡയമണ്ട്സും ചേർന്ന് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ സംഘടിപ്പിച്ച ‘ലീഡർഷിപ്’ കാമ്പയിന്റെ സദസ്സ്
കോട്ടയം: അർബുദബാധിതർക്കായി മുടി മുറിച്ചുനൽകിയപ്പോൾ മുതൽ ഏറെ ആക്ഷേപം കേട്ടയാളാണ് താനെന്നും അതൊന്നും ഒരിക്കലും തളർത്തിയിട്ടില്ലെന്നും സാമൂഹിക പ്രവർത്തകയും മോട്ടിവേറ്ററുമായ നിഷ ജോസ് കെ. മാണി.
മുന്നോട്ടുള്ള യാത്രയിൽ വലിച്ചുതാഴെയിടാൻ നിരവധിപേരുണ്ടാവും. എന്നാലും തന്റെ മുഖത്തെ പുഞ്ചിരി ഒരിക്കലും വാടുകയില്ല. മനുഷ്യത്വമാണ് തന്റെ ആത്മാവ്. അതെന്നും തെളിമയോടെ തലയുയർത്തി നിൽക്കും. 2013ൽ മുടി മുറിച്ചുനൽകുമ്പോൾ അന്ന് ആർക്കും അതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. മുടി മുറിച്ചുവിറ്റ് കാശുണ്ടാക്കുകയല്ലേ എന്നും തെരഞ്ഞെടുപ്പിന് മത്സരിക്കാൻ വേണ്ടിയല്ലേ ഇതെല്ലാം എന്നും ചോദിച്ചവരുണ്ട്.
അർബുദബാധിതർക്കായി കാരുണ്യസന്ദേശയാത്ര നടത്തുമ്പോഴും ഉയർന്നത് ഇതേ ചോദ്യമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇതിന്റെയൊന്നും ആവശ്യമില്ല. തന്റെ യാത്ര എന്തിനാണെന്നും എങ്ങോട്ടാണെന്നും കൃത്യമായ ബോധ്യമുണ്ടായിരുന്നതിനാൽ അതൊന്നും വിഷമിപ്പിച്ചില്ല.
മുടി മുറിച്ച് വിഗ്ഗുണ്ടാക്കി രോഗികൾക്ക് എത്തിച്ചിരുന്നത് അധികവും രാത്രിയാണ്. മറ്റാരും അറിയരുതെന്നു കരുതിയായിരുന്നു അത്.
അതേക്കുറിച്ച് ഒരു പ്രമുഖ വ്യക്തി അഭിമുഖത്തിൽ പറഞ്ഞത്, രാത്രിയിലൊക്കെ ഒറ്റക്ക് വണ്ടിയോടിച്ചുപോവുന്ന സ്ത്രീകളെ ഞങ്ങളുടെ നാട്ടിൽ മറ്റൊരു പേരാണ് പറയുക എന്നാണ്. ഇന്ന് ശക്തയും മനക്കരുത്തുള്ളവളുമായി നിൽക്കാൻ തനിക്ക് കഴിയുന്നുണ്ടെങ്കിൽ അതിനു നന്ദി പറയുന്നത് അന്നത്തെ ആ രോഗികൾക്കാണ്. അവരാണ് തനിക്ക് കരുത്തുപകർന്നത്-നിഷ ജോസ് കെ. മാണി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.