ഇത് കോട്ടയത്തിന്റെ മിനി കോയമ്പത്തൂർ
text_fieldsകോട്ടയം പഴയ ബോട്ട്ജെട്ടി റോഡിലെ പഴയ വാഹനങ്ങൾ പൊളിച്ചുവിൽക്കുന്ന കട
കോട്ടയം: ഒരു കടയിൽ കാറിന്റെ പാര്‍ട്സ് ലഭിക്കുമെങ്കിൽ അടുത്തതിൽ ബൈക്കിന്റേതാകും. ഒരു വാഹന പ്രദർശന മേളയിൽ എത്തിയ പ്രതീതി. ഇത് കോട്ടയം പഴയ ബോട്ട്ജെട്ടി റോഡിലെ പഴയ വാഹനങ്ങൾ പൊളിച്ചുവില്‍ക്കുന്ന കടകളാണ്. ഇവിടെ ഏതു വാഹനങ്ങളുടെയും ഏതു ഭാഗങ്ങളും ലഭിക്കും.
ഓരോ കടയും ഓരോ വിഭാഗത്തിൽ സ്പെഷലൈസ് ചെയ്തവ. വാഹനങ്ങളുടെ ചെറിയ നട്ടുകള്ക്കുവരെ ആളുകൾ കടകളെ ആശ്രയിക്കുന്നുണ്ട്. 50 വര്‍ഷത്തിലേറെയായി കട നടത്തുന്നവരാണ് ഇവിടെയുള്ളത്. കാലാവധി കഴിഞ്ഞ സര്‍ക്കാർ വാഹനങ്ങളും ബാങ്കുകൾ ജപ്തി ചെയ്തെടുത്തതും അപകടത്തിൽ തകർന്നതുമായ വാഹനങ്ങളാണ് പ്രധാനമായും പൊളിക്കാനെടുക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയത്തിന്റെ ‘വാണിജ്യ ഹബ്’ ആയാണ് പഴയ ബോട്ട്ജെട്ടി അറിയപ്പെട്ടിരുന്നത്. ആലപ്പുഴയിൽനിന്ന് ഉൾപ്പെടെ നിരവധിയാളുകൾ ബോട്ടിൽ കോട്ടയത്തേക്ക് വരുന്നത് പഴയ ബോട്ട്ജെട്ടിയിൽ എത്തിയായിരുന്നു. അതിനാല്‍ത്തന്നെ വാഹനങ്ങളുടെ പാര്‍ട്സ് തേടിയെത്തുന്ന ആളുകളുടെ എണ്ണവും വളരെ കൂടുതലായിരുന്നു.
നിയമപരമായ നടപടികൾക്ക് ശേഷമേ ഇവിടെ വാഹനങ്ങൾ പൊളിക്കാൻ എടുക്കുകയുള്ളൂ. ഒരു വാഹനം പൊളിക്കാനെടുത്താൽ ആദ്യം ആർ.ടി.ഒ പരിശോധന നടത്തും. പൊളിച്ചശേഷവും ആർ.ടി.ഒ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷമേ വിൽപനക്ക് അനുമതിയുള്ളൂ.
ഇവിടെ ലഭിക്കാത്ത വാഹന പാര്‍ട്സ് ബംഗളൂരു, കൊൽക്കത്ത, ഡല്‍ഹി, പാട്ന തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും എത്തിക്കാറുണ്ട്. സർവിസ് സെന്ററുകളെ അപേക്ഷിച്ച് ഇവിടെനിന്നും കുറഞ്ഞ വിലയ്ക്ക് വിവിധ വാഹനങ്ങളുടെ വിവിധ പാർട്സ് ലഭിക്കും. തലമുറകളായി പഴയ പാർട്സിന്റെ വ്യാപാരം നടത്തുന്നവരാണിവർ, ഭൂരിഭാഗവും കോട്ടയം പട്ടണത്തിലുള്ളവർതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

