Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഈ ബാൻഡിന്...

ഈ ബാൻഡിന് ആത്മവിശ്വാസത്തിന്‍റെ ചുവടും താളവും

text_fields
bookmark_border
ഈ ബാൻഡിന് ആത്മവിശ്വാസത്തിന്‍റെ ചുവടും താളവും
cancel
camera_alt

രാ​മ​പു​രം കൈ​ൻ​ഡ്​ ആ​ൻ​ഡ്​ കെ​യ​ർ ബ​ഡ്​​സ്​ സ്കൂ​ൾ കു​ട്ടി​ക​​ൾ ബാ​ൻ​ഡ്​

പ​രി​ശീ​ല​ന​ത്തി​ൽ 

കോട്ടയം: ഒരു താളം... ഒരു ചുവട്... അതിനൊപ്പം ജ്വലിക്കുന്ന ആത്മവിശ്വാസം. സമൂഹം ‘വ്യത്യസ്തരെ’ന്ന് കാണുന്നവരെ ‘പ്രത്യേകരായി’ മാറ്റിയെടുത്തത് രാമപുരത്തെ ബഡ്‌സ് സ്കൂളിലെ കുഞ്ഞുങ്ങളാണ്. സംഗീതത്തിന്‍റെ സ്വരത്തിൽ ഒരുമിച്ച് താളംപിടിച്ച് അവർ ഒരുക്കുന്നത് പ്രതീക്ഷയുടെ പുതിയ സംഗീതവും.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള രാമപുരത്തെ ‘കൈൻഡ് ആൻഡ് കെയർ’ ബഡ്സ് സ്കൂളിലെ 14 കുട്ടികൾ ഉൾപ്പെടുന്ന ബാൻഡ് സംഘമാണ് പുതിയ വിപ്ലവത്തിന് തുടക്കമിട്ടത്. സെന്‍ററിലെ കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിനായി രാമപുരം സി.ഡി.എസിന് കുടുംബശ്രീ ജില്ല മിഷൻ മുഖേന അനുവദിച്ച 2.58 ലക്ഷം രൂപയോളം ചെലവിട്ടാണ് ബാൻഡ് സംഘം ആരംഭിച്ചത്. കുട്ടികളുടെ കലാപ്രാവീണ്യം തിരിച്ചറിഞ്ഞ ജില്ല പ്രോഗ്രാം മാനേജർ രാജേഷാണ് ബാൻഡ് സംഘത്തിന്‍റെ ആശയം നൽകിയത്.

ജൂൺ 17നാണു ബാൻഡ് ക്ലാസ് ആരംഭിച്ചത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിനായിരുന്നു ഗ്രൂപ്പിന്‍റെ അഭിമാനകരമായ അരങ്ങേറ്റം. കിടങ്ങൂർ മുത്തോലി സ്വദേശി കെ.ടി. സെബാസ്റ്റ്യനാണ് ബാൻഡ് പരിശീലിപ്പിക്കുന്നത്. ഒമ്പത് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമടങ്ങുന്നതാണ് ബാൻഡ് സംഘം. ആഴ്ചയിൽ മൂന്നു ദിവസമാണ് പരിശീലനം. ഇതുവരെ 25ഓളം ക്ലാസ് പിന്നിട്ടു. ഏറ്റുമാനൂരിൽ മന്ത്രി വി.ശിവൻകുട്ടി പങ്കെടുത്ത കുടുംബശ്രീ ജില്ല മിഷൻ ജില്ല തല പരിപാടിക്കും ഇവരുടെ ബാൻഡിന്‍റെ താളം പകിട്ടേകി.

രാമപുരം ഗ്രാമപഞ്ചായത്തിനു കീഴിലാണ് ബഡ്സ് സ്കൂൾ പ്രവർത്തനം. 27 കുട്ടികളാണുള്ളത്. അധ്യാപിക സഞ്ജുമോൾ ജോസ്, ഹെൽപർ ജോസ്മി ജോസ് എന്നിവർ കുട്ടികൾക്ക് എല്ലാ പിന്തുണയുമായി പിന്നണിയിലുണ്ട്. ഒപ്പം ജില്ല മിഷന്‍റെ കൈത്താങ്ങും. വീടിന്‍റെ നാലു ചുവരുകളിൽ ഒറ്റപ്പെട്ടുപോകുന്നതും ആരാലും തിരിച്ചറിയപ്പെടാതെ പോകുന്നതുമായ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള താങ്ങും തണലുമായി ഇതിനകം ബഡ്സ് സ്കൂൾ മാറിക്കഴിഞ്ഞു.

പൊതുസമൂഹത്തിൽനിന്നു മാറ്റിനിർത്താതെ, അവരോടൊപ്പം ഓടിയെത്താനുള്ള വിവിധപദ്ധതികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. പേപ്പർ പേന നിർമാണം, നോട്ട് പാഡ് നിർമാണം, ലോഷൻ നിർമാണവും തൊഴിൽപരിശീലനവും തുടങ്ങിയവ അവയിൽ ചിലതാണ്. ബാൻഡ് സംഘത്തിനും തൊഴിൽപരിശീലനത്തിനും പുറമെ കലാ കായികമത്സരങ്ങളിൽ സംസ്ഥാനതല വേദികളിൽ ഒന്നാമതെത്തിയവരും ഇവിടെയുണ്ട്.

സംസ്ഥാന കലോത്സവത്തിൽ നാടൻപാട്ട് വിഭാഗത്തിൽ ഒന്നും സംസ്ഥാന കായികമത്സരത്തിൽ സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ നടത്തത്തിൽ ഒന്നും സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ നടത്തത്തിൽ മൂന്നും സ്ഥാനം നേടിയ മിടുക്കരും ഇക്കൂട്ടത്തിലുണ്ട്. കുടുംബശ്രീ എല്ലാ വർഷവും സംഘടിപ്പിക്കുന്ന ബഡ്സ് കലോത്സവം ഡിസംബറിലാണ്. ബാൻഡ് സംഘവുമായി കാണികളെ അമ്പരപ്പിക്കാനുള്ള പരിശീലനം തുടരുകയാണിവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbasreeband groupBuds studentsKottayam
News Summary - This band has a confident rhythm and beat
Next Story