വർണാരവം, തലയെടുപ്പ്; മനസ്സുനിറച്ച് തിരുനക്കര
text_fieldsതിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവഭാഗമായി നടന്ന പകൽപൂരം –ദിലീപ് പുരക്കൽ
കോട്ടയം: തിരുനക്കരയുടെ വിശ്വാസമണ്ണിൽ വർണ്ണാരവം...ആസ്വാദക മനസ്സിലേക്ക് പെയ്തിറങ്ങി തിരുനക്കരപ്പൂരം. ഒരുവർഷത്തെ കാത്തിരിപ്പിന് അറുതികുറിച്ചെത്തിയ തിരുനക്കരപ്പൂരത്തെ നെഞ്ചേറ്റി ജനസഞ്ചയം. പൂരത്തിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ തിരുനക്കര ജനസമുദ്രമായി മാറി. താളംപിടിച്ചും കാഴ്ചകണ്ടും ഭക്തര്‍ തിരുനക്കരക്ഷേത്ര മുറ്റത്ത് നിലയുറപ്പിച്ചതോടെ നഗരം ആനന്ദലഹരിയിലായി.
ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ചുറ്റുവട്ടക്ഷേത്രങ്ങളില്നിന്ന് ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങിയതോടെ നഗരം പൂരത്തിരക്കിലേക്ക് നീങ്ങി. ചെറുപൂരങ്ങള്‍ക്കൊപ്പം ജനക്കൂട്ടങ്ങളും ക്ഷേത്രമൈതാനത്തേക്ക് എത്തിയതോടെ ആന്ദനനിറവിലായി.
വെയില് കത്തിത്തുടങ്ങിയതോടെ, ആള്‍ത്തിരക്കിനു ചെറിയ കുറവുണ്ടായെങ്കിലും മൂന്നരയോടെ കൂടുതല്‍പേര്‍ എത്തി. ഇതോടെ മൈതാനം തിങ്ങിനിറഞ്ഞു. കാത്തിരിപ്പിനൊടുവിൽ കരിവീരൻമാർക്ക് തിരുനക്കരയിലേക്ക് സ്വാഗതമെന്ന അനൗൺസ്മെന്റ് എത്തി. പിന്നാലെ, തിങ്ങിക്കൂടിയ ജനസാഗരത്തിന് മധ്യത്തിലൂടെ കരിവീരന്മാര് ഒന്നിനു പിന്നാലെ ഒന്നായി നടയിറങ്ങി.
ഓരോ ആനയുടെ പേര് വിളിക്കുമ്പോഴും വൻകരഘോഷത്തോടെയും ആർപ്പുവിളിയോടെയും ജനക്കൂട്ടം സ്വീകരിച്ചു. ചുറ്റും നിന്നവരെ അഭിവാദ്യം ചെയ്തായിരുന്നു ആനകൾ പടിക്കെട്ടുകൾ ഇറങ്ങിയത്. കുന്നുമ്മേൽ പരശുരാമനെന്ന കൊമ്പനാണ് ആദ്യമെത്തിയത്. അവസാനമായി തൃക്കടവൂർ ശിവരാജു തിടമ്പേറ്റി എത്തിയതോടെ ആവേശം അത്യുന്നതിയിലായി.
തന്ത്രി താഴമണ്‍മഠം കണ്ഠരര് മോഹനര് ദീപം തെളിച്ചതോടെ പൂരത്തിനു തുടക്കമായി. ശിവശക്തി ഓഡിറ്റോറിയത്തിന് സമീപം പടിഞ്ഞാറന്‍ ചേരിവാരത്തില് തൃക്കടവൂര്‍ ശിവരാജു തിരുനക്കര തേവരുടെ സ്വര്‍ണത്തിടമ്പേറ്റി. ഗണപതി കോവിലിനു സമീപം കിഴക്കന്‍ ചേരിവാരത്തില് ഉഷശ്രീ ശങ്കരന്‍കുട്ടി ദേവിയുടെ തിടമ്പേറ്റി. ഒപ്പം ഇരുചേരുവാരങ്ങളിലും 11 കൊമ്പന്മാര് വീതം.
ആനയും അമ്പാരിയുമയായി പൂരം തകര്‍ക്കുമ്പോള്‍ കിഴക്കൂട്ട് അനിയന് മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം ജനമനസ്സുകളെ കീഴടക്കി. കുടമാറ്റത്തിനൊടുവില് പൂരത്തിനു സമാപ്തിയായതോടെ പൂരപ്രേമികള്‍ പിരിഞ്ഞു; മനസ്സിൽ നിറകാഴ്ചകളുമായി. തിരുനക്കര ഉത്സവത്തിന്റെ ഭാഗമായി നടന്ന പൂരം മൊബൈലിൽ പകർത്താനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
പൂരത്തോടനുബന്ധിച്ച് ബുധനാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണമുണ്ടായിരുന്നു. വലിയ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഉത്സവത്തിന്റെ ഭാഗമായി വ്യാഴാഴ്ച വലിയവിളക്ക് നടക്കും. ശനിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.
ആർപ്പുവിളിയോടെ കൊമ്പന്മാര്ക്ക് വരവേൽപ്
കോട്ടയം: കൊമ്പ് കുലുക്കിയെത്തിയ കൊമ്പന്മാരെ ആർപ്പുവിളിയോടെ വരവേറ്റ് പൂരപ്രേമികൾ. ഗജപ്രജാപതി, ഗജശ്രേഷ്ഠൻ എന്നിങ്ങനെയുള്ള വിശേഷങ്ങളുമായിട്ടായിരുന്നു തിരുനക്കരയുള്ള മണ്ണിലേക്ക് കൊമ്പന്മാരെ സ്വാഗതം ചെയ്തത്. ഇരുവശത്തും നിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ തലയെടുപ്പോടെ ആന കടന്നുപോകുമ്പോൾ ആരവത്തിൽ മൈതാനം നിറഞ്ഞു. കുന്നുമ്മേല്‍ പരശുരാമനാണ് ആദ്യം എത്തിയത്. ചൈത്രം അച്ചുവിന്റെ പേര് മുഴങ്ങിയതോടെ ആരവം കോട്ടയം നഗരത്തെ പ്രകമ്പനം കൊള്ളിച്ചു.
കിഴക്കന്‍ ചേരിവാരത്തിൽ കുന്നുമ്മേല്‍ പരശുരാമനെ കൂടാതെ വേണാട്ടുമറ്റം ഗണപതി, തടത്താട്ടവിള രാജശേഖരന്, ഉണ്ണിപ്പള്ളി ഗണേശന്, മീനാട് വിനായകന്, ഉഷശ്രീ ശങ്കരന്‍കുട്ടി, ചൈത്രം അച്ചു, കുളമാക്കില്‍ പാർഥസാരഥി, പട്ടത്താനം സ്കന്ദന്, ചുരൂര്‍മഠം രാജശേഖരന്, കരിമണ്ണൂര്‍ ഉണ്ണി എന്നീ ആനകളാണ് നിരന്നത്.
പടിഞ്ഞാറന്‍ ചേരിവാരത്തിൽ മുതുകുളം ഹരിഗോവിന്ദന്, തോട്ടയ്ക്കാട് രാജശേഖരന്, ആനയടി അപ്പു, വേണാട്ടുമറ്റം ശ്രീകുമാര്‍, പുതുപ്പള്ളി സാധു, തൃക്കടവൂര്‍ ശിവരാജു, കാഞ്ഞിരക്കാട്ട് ശേഖരന്, അമ്പാടി മഹാദേവന്, മീനാട് കേശു, കുളമാക്കില്‍ രാജ, താമരക്കുടി വിജയന് എന്നിവരും അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

