വർണച്ചാർത്ത്, പൂരപ്രഭ; ആറാടി തിരുനക്കര
text_fieldsതിരുനക്കര ഉത്സവത്തിന്റെ ഭാഗമായി നടന്ന പകൽപ്പൂരം ആസ്വദിക്കുന്നവർ
കോട്ടയം: പൂരപ്രഭയിൽ വർണച്ചാർത്തണിഞ്ഞ് തിരുനക്കര. നഗരത്തിന് അഴകിന്‍റെ നിറംചാലിച്ച് തിരുനക്കര പൂരം. രണ്ടുവർഷത്തെ ഇടവേളക്കുശേഷമെത്തിയ പൂരാവേശത്തിൽ അലിഞ്ഞുചേർന്ന് ആയിരങ്ങൾ. തലയെടുപ്പുമായി അണിനിരന്ന ഗജവീരന്മാർക്കും പഞ്ചാരിമേളത്തിനുമൊപ്പം താളമിട്ട് മനംനിറഞ്ഞ് കാണികള്‍. വൻ ജനാവലിയാണ് പൂരാവേശത്തിൽ അലിയാൻ തിരുനക്കര തേവരുടെ തട്ടകത്തിലേക്ക് ഒഴുകിയെത്തിയത്.
സമീപ ക്ഷേത്രങ്ങളില്‍നിന്ന് ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങിയ ബുധനാഴ്ച രാവിലെ തന്നെ തിരുനക്കര പൂരത്തിരക്കിലേക്ക് ചുവടുവെച്ചുതുടങ്ങിയിരുന്നു. വൈകുന്നേരമായതോടെ തിരുനക്കര പൂരശോഭയിലായി. പതിവില്‍നിന്ന് വ്യത്യസ്തമായി വെയില്‍ മാറിനിന്നത് കാണികള്‍ക്കും അനുഗ്രഹമായി.
ആനപ്രേമികളെ ആവേശത്തിലാഴ്ത്തിയ അനൗൺസ്മെന്‍റിനൊപ്പം ഗജവീരന്മാർ ഒരോരുത്തരായി പൂരപ്പറമ്പിലേക്ക് ചുവടുവെച്ചതോടെ ആരവങ്ങളോടെ കാണികളുടെ വരവേൽപ്. കിഴക്കന്‍ ചേരുവാരത്തില്‍ ഒന്നിനു പിന്നാലെ ആനകള്‍ നിരന്നതോടെ തിരുനക്കരയില്‍ നിലക്കാത്ത ഹര്‍ഷാരവം, പിന്നാലെ പടിഞ്ഞാറന്‍ ചേരുവാരത്തും ഗജവീരന്മാര്‍ അണിനിരന്നു. തുടര്‍ന്നു ആനപ്രേമികള്‍ കാത്തിരുന്ന പുണ്യനിമിഷം, കിഴക്കന്‍ ചേരുവാരത്ത് തിരുനക്കര തേവരുടെ സ്വര്‍ണ തിടമ്പുമായി തിരുനക്കര ശിവന്‍ നടയിറങ്ങിവന്നതോടെ കാതടപ്പിക്കുന്ന കരഘോഷം. ആനപ്രേമികളുടെ മനസ്സില്‍ ശിവനൊപ്പം സ്ഥാനമുള്ള ചിറക്കല്‍ കാളിദാസന്‍ ഭഗവതിയുടെ തിടമ്പുമായി പിന്നാലെയെത്തിയതോടെ പൂരനഗരിയുടെ മനംനിറഞ്ഞു.
ഇതിനിടെ ചലച്ചിത്രതാരം ജയറാമിന്‍റെ നേതൃത്വത്തില്‍ 111 കലാകാരന്മാര്‍ അണിനിരന്ന സ്‌പെഷല്‍ പഞ്ചാരിമേളവും നടന്നു. ഇതിനൊപ്പം താളംപിടിച്ച് കോട്ടയം ചേർന്നുനിന്നതോടെ തിരുനക്കര ജനത്തിരിക്കിൽ വീർപ്പുമുട്ടി. ഒടുവില്‍ അസ്തമയ സൂര്യനൊപ്പം മെല്ലെ പൂരച്ചടങ്ങുകള്‍ക്കും സമാപനമായി, വീണ്ടും അടുത്തവര്‍ഷം കാണാമെന്ന പ്രതീക്ഷയോടെ വിടചൊല്ലി. ഇത്തവണ കുടമാറ്റം ഉണ്ടായിരുന്നില്ല. ഇതിനിടെ മാനത്ത് കാർമേഘങ്ങൾ നിറഞ്ഞെങ്കിലും പൂരത്തിന്‍റെ ആവേശത്തിലേക്ക് ഒഴുകിയിറങ്ങാതെ തട്ടകംവിട്ടു. ജയറാമിനെ മന്ത്രി വി.എൻ. വാസവൻ ഷാൾ അണിയിച്ച് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

