പട്ടയത്തിനും പുനരുദ്ധാരണത്തിനുമായി കലക്ടറേറ്റിന് മുന്നിൽ ‘ഭിക്ഷ യാചിച്ച്’ അവർ
text_fieldsകോട്ടയം: കലക്ടറേറ്റിന്റെ പ്രധാനകവാടം അപൂർവമായമായ പ്രതിഷേധത്തിനാണ് വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്. പട്ടയത്തിനും വ്യവസായ ഷെഡുകളുടെ പുനരുദ്ധാരണത്തിനുമായി കരൾരോഗിയായ മാതാവിന്റെ പെൺമക്കളുമൊത്തുള്ള ഭിക്ഷയാചിച്ചുള്ള സമരമാണ് അവിടെ നടന്നത്.
പട്ടികവിഭാഗത്തിൽപ്പെട്ട കമലുരാജൻ, മക്കളായ രജനി സുനിൽ, രഞ്ജു രാജീവ് എന്നിവർക്കൊപ്പമാണ് കവാടത്തിന് മുന്നിലെ തറയിൽ തുണിവിരിച്ച് പ്രതീകാത്മകമായി ഭിക്ഷയാചിച്ച് മണിക്കൂറുകളോളം ഇരുന്നത്. അവർക്കൊപ്പം പൊന്നപ്പനെന്ന മറ്റൊരാളും സമാനമായ ആവശ്യവുമായി പ്രതിഷേധത്തിനുണ്ടായിരുന്നു. കോട്ടയം വ്യവസായ കേന്ദ്രത്തിന് കീഴിലുള്ള പൂവന്തുരുത്ത് ഡെവലപ്മെന്റ് പ്ലോട്ടിൽ ചെറുകിട വ്യവസായ സംരംഭങ്ങൾ നടത്തുന്നവരാണ് പട്ടയത്തിനും പുനരുദ്ധാരണമെന്ന ആവശ്യവുമായി കലക്ടറേറ്റിന്റെ പടിവാതിൽക്കൽ എത്തിയത്.
വർഷങ്ങളായി ഈ ആവശ്യങ്ങൾ ഉന്നയിച്ച് കയറിയിറങ്ങാത്ത പടിവാതിലുകൾ ഇല്ലെന്ന് കമലു രാജനും പൊന്നപ്പനും പറയുന്നു. 2005 ൽ സർക്കാർ ഇവർക്ക് പട്ടയം അനുവദിച്ച് ഉത്തരവിറക്കിയിരുന്നു.
എന്നാൽ ആ ഉത്തരവ് അട്ടിമറിക്കപ്പെട്ടെന്നും 18 വർഷം കഴിഞ്ഞിട്ടും പട്ടയം എന്ന ആവശ്യം മരീചികയായി തുടരുകയാണെന്നും അവർ പറഞ്ഞു. പൂവന്തുരുത്തിലെ വ്യവസായ വികസന പ്ലോട്ടിൽ വ്യവസായ യൂനിറ്റുകൾ നടത്താൻ എസ്.സി.-എസ്.ടി വിഭാഗത്തിൽപ്പെട്ട ഏഴ് പേർക്ക് 40 സെന്റ് ഭൂമിയാണ് വർഷങ്ങൾക്ക് മുമ്പ് അനുവദിച്ചത്. നിശ്ചിത കാലഘട്ടത്തേക്ക് തുകയടച്ചുകഴിഞ്ഞാൽ ഇവർക്ക് പട്ടയം ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു ഭൂമി നൽകിയത്. ഇതുസംബന്ധിച്ച കരാറിലും അവർ ഏർപ്പെട്ടു.
ഈ പ്ലോട്ടിൽ പ്ലാസ്റ്റിക് ചാക്കും അതിനോടനുബന്ധിച്ച സാധനങ്ങളും നിർമ്മിക്കുന്ന അറയ്ക്കൽ പ്ലാസ്റ്റിക് ഇൻഡസ്ട്രീസ് എന്ന സ്ഥാപനം നടത്തുകയാണ് കമലു. പ്ലാസ്റ്റിക് അനുബന്ധ നിർമ്മാണ ജോലിയായതിനാൽ അത് കരൾ, ശ്വാസ സംബന്ധമായ രോഗിയായും അവരെ മാറ്റി.
ഇതിനിടയിൽ 2014 ഏപ്രിലിൽ യൂനിറ്റിന് തീപിടിച്ച് രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടാകുകയും കെട്ടിടത്തിന് കേടുപാടുകളുണ്ടാകുകയും ചെയ്തു. കെട്ടിടത്തിനുണ്ടായ നാശനഷ്ടം പരിഹരിച്ച് നൽകണമെന്ന ആവശ്യവുമായി അവർ അധികൃതരുടെ ഓഫീസിൽ കയറിയിറങ്ങ് പത്ത് വർഷത്തോളമായിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് മാത്രം. വ്യത്യസ്തമായ ജോലികൾ ചെയ്യുന്ന ഏഴ് യൂനിറ്റുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. എല്ലാവർക്കും പറയാനുള്ളത് കമലുവിന് സമാനമായ പരാതികളാണ്. പട്ടയം ലഭ്യമാക്കണമെന്ന ആവശ്യം വർഷങ്ങളായി ഉന്നയിച്ചിട്ടും യാതൊരു ഫലവുമില്ല. 1994 ലാണ് പൊന്നപ്പൻ ഇവിടെ തടി നിർമ്മാണ ചെറുകിട യൂനിറ്റ് ആരംഭിച്ചത്. 2005 ൽ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് പട്ടയം നൽകാൻ ഉത്തരവായി.
പക്ഷെ പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്ന് അദ്ദേഹം പറയുന്നു. ചെറിയ ഷെഡുകളിലാണ് ഈ വ്യവസായ യൂനിറ്റുകൾ പ്രവർത്തിക്കുന്നത്. എന്നാൽ ഈ പ്രദേശത്ത് വമ്പൻമാരുടെ കൈയേറ്റമുണ്ടായിട്ടുണ്ടെന്നും അതാണ് പട്ടയം അനുവദിക്കാൻ തടസമായി നിൽക്കുന്നതെന്നുമുള്ള ആക്ഷേപം ശക്തമാണ്.
ജില്ലയിൽ ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ്സ് നടക്കാനിരിക്കെ തങ്ങളുടെ ഈ വിഷയത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുമായാണ് വ്യത്യസ്തമായ പ്രതിഷേധവുമായി അവർ ജില്ല ഭരണകൂടാസ്ഥാനത്തിന് മുന്നിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

