യാത്രക്കാർക്ക് ഭീഷണി എന്ന് മാറ്റും ഈ തടികൾ
text_fieldsകോട്ടയം: തിരുനക്കര ക്ഷേത്രത്തിനു സമീപം റോഡരികിൽ കൂട്ടിയിട്ട തടികൾ യാത്രക്കാർക്ക് ഭീ ഷണിയാകുന്നു. ശ്രീനിവാസയ്യർ റോഡിൽ ദേവസ്വം ബോർഡ് ഓഫിസിനു മുന്നിലാണ് രണ്ടുമാസമായി ഇരുവശത്തും മരത്തടികൾ കൂട്ടിയിട്ടിരിക്കുന്നത്. മാർച്ച് 27ന് തിരുനക്കര പൂരത്തിന്റെ അന്നുണ്ടായ കാറ്റിലും മഴയിലുമാണ് ദേവസ്വം വളപ്പിൽനിന്ന മരം മതിലും വൈദ്യുതിലൈനും തകർത്ത് റോഡിലേക്ക് വീണത്.
അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി റോഡരികിൽ കൂട്ടിയിടുകയായിരുന്നു. എന്നാൽ ഇതുവരെ തടികൾ റോഡരികിൽനിന്ന് നീക്കാൻ ദേവസ്വം അധികൃതർ തയാറായിട്ടില്ല. ബേക്കർ ജങ്ഷനിലെ കുരുക്കിൽപെടാതെ എം.സി റോഡിൽനിന്ന് കുമരകം, മെഡിക്കൽ കോളജ് റോഡിലെത്താനുള്ള എളുപ്പവഴിയാണിത്.
ഇടതടവില്ലാതെ വാഹനങ്ങളും കടന്നുപോകും. ചെറിയ റോഡായതിനാൽ കാൽനടക്കാർക്കു നടക്കാൻ ബുദ്ധിമുട്ടാണ്. ഇതിനിടയിലാണ് നടപ്പാതയിൽ വഴി മുടക്കി തടികൾ ഇട്ടിരിക്കുന്നത്. കാൽനടക്കാർ റോഡിൽ കയറി നടക്കണം. പരിസരവാസികൾ പലതവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ലേലം ചെയ്യാതെ തടികൾ നീക്കാനാവില്ലെന്നാണ് അധികൃതർ പറയുന്നത്. ഇവ ദേവസ്വം വളപ്പിലേക്കു മാറ്റിയിട്ടാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

