കോട്ടയം റെയിൽവേ സ്റ്റേഷൻ പാർക്കിങിൽ സുരക്ഷയില്ല
text_fieldsകോട്ടയം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് സ്ഥലം
കോട്ടയം: തൃശൂരിലേതിനു സമാനമായി യാത്രക്കാരുടെ വൻ തിരക്കുള്ള കോട്ടയം റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ്ങിലും സുരക്ഷിതമല്ല കാര്യങ്ങൾ. പാർക്കിങ്ങിന് വലിയ നിരക്ക് ഈടാക്കുന്നു എന്നല്ലാതെ സുരക്ഷക്ക് നടപടിയില്ല.
റെയിൽവേ സ്റ്റേഷനു മുന്നിലെ ബഹുനില പാർക്കിങ്ങിൽ ഒരു ബൈക്കിന് തീപിടിച്ചാൽ എല്ലാം നിന്നു കത്തും. തൊട്ടടുത്ത് കടകളും റോഡുമുള്ളതിനാൽ തൃശൂരിലേതിനേക്കാൾ വലിയ ദുരന്തത്തിനുള്ള സാഹചര്യമാണ് കോട്ടയത്ത്. 250 ലേറെ ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള ബഹുനില പാർക്കിങ്ങിൽ ഒറ്റ പ്രവേശന കവാടമേ ഉള്ളൂ. ഒരു വാഹനത്തിൽ തീപ്പൊരി കണ്ടാൽ പോലും മറ്റു വാഹനങ്ങൾ എടുത്തുമാറ്റാൻ കഴിയില്ല.
അഗ്നിശമന ഉപകരണം പേരിന് ഒന്നു മാത്രം. മാത്രമല്ല പാർക്കിങ് സ്ഥലത്തേക്ക് ആർക്കും കടന്നുകയറാവുന്ന അവസ്ഥയാണ്.
എവിടെയും സുരക്ഷ മതിൽ ഇല്ല. പുറത്തുനിന്നെത്തുന്ന ആൾക്ക് അപകടം സൃഷ്ടിക്കാനും എളുപ്പമാണ്. രാവിലെ ട്രെയിനു പോകാൻ എത്തുന്ന നിരവധി യാത്രക്കാരാണ് ഇവിടെ വാഹനം പാർക്ക് ചെയ്തു പോകുന്നത്. പലപ്പോഴും സ്ഥലമില്ലാത്തിനാൽ റോഡരികിലും റെയിൽവേ പൊലീസ് സ്റ്റേഷന്റെ മുന്നിലുമായാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. പലയിടത്തും കൃത്യമായ സി.സി ടി.വി കാമറകളില്ല. ബൈക്കിൽ വെക്കുന്ന ഹെൽമറ്റുകൾ മോഷണം പോകുന്നത് പതിവാണ്.
പൊലീസ് സംയുക്ത പരിശോധന നടത്തി
കോട്ടയം: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബൈക്ക് പാർക്കിങ്ങിലുണ്ടായ വൻ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിൽ പൊലീസ് സംയുക്ത പരിശോധന നടത്തി. റെയിൽവേ പൊലീസ് എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർ.പി.എഫ്, കോട്ടയം ഈസ്റ്റ് പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഒന്നാം കവാടത്തിലും രണ്ടാം കവാടത്തിനരികിലുമായി രണ്ട് പാർക്കിങ്ങാണ് കോട്ടയം റെയിൽവേ സ്റ്റേഷനിലുള്ളത്. പാർക്കിങ് സ്ഥലത്ത് വൈദ്യുതി ലൈൻ താഴ്ന്നു കിടക്കുന്നുണ്ടോ, സി.സി ടി.വി കാമറ ഉണ്ടോ, പാർക്ക് ചെയ്യുന്ന വണ്ടികളിൽ ഇന്ധനം സൂക്ഷിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായി പരിശോധിച്ചത്.
ഉച്ചക്ക് രണ്ടിന് ആരംഭിച്ച പരിശോധന നാലു വരെ നീണ്ടു. സുരക്ഷ സംവിധാനങ്ങൾ വിലയിരുത്തിയതായും റിപ്പോർട്ട് തയാറാക്കി ജില്ല പൊലീസ് മേധാവിക്കു കൈമാറുമെന്നും എസ്.എച്ച്.ഒ റെജി പി. ജോസഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

