‘എന്റെ കൂട്’ പദ്ധതിക്ക് നഗരത്തിൽ ഇടമില്ല
text_fieldsകോട്ടയം: നഗരത്തിൽ അനുയോജ്യമായ സ്ഥലം കിട്ടാത്തതിനാൽ വനിത ശിശു വികസന വകുപ്പിന്റെ ‘എന്റെ കൂട്’ പദ്ധതി ജില്ലയിൽ നടപ്പായില്ല.
സ്ത്രീകൾക്കും കുട്ടികൾക്കും രാത്രി സുരക്ഷിത താമസമൊരുക്കുന്ന പദ്ധതിയാണ് ‘എന്റെ കൂട്’. നാഗമ്പടത്ത് മുനിസിപ്പാലിറ്റിയുടെ വനിത വിശ്രമകേന്ദ്രം അനുയോജ്യമായതിനാൽ ഇവിടെ സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ കത്ത് അയച്ചെങ്കിലും അനുകൂല മറുപടി കിട്ടിയില്ല. ഓഡിറ്റ് ഒബ്ജക്ഷൻ ഉള്ളതിനാൽ കെട്ടിടം നൽകാനാവില്ലെന്നാണ് മുനിസിപ്പാലിറ്റിയുടെ മറുപടി. വീണ്ടും കത്തയക്കാൻ ഒരുങ്ങുകയാണ് വനിത ശിശു വികസന വകുപ്പ് അധികൃതർ. തുടക്കത്തിൽ വാടകക്ക് ആരംഭിച്ച് പിന്നീട് സ്വന്തം കെട്ടിടത്തിലേക്ക് മാറാമെന്നാണ് കരുതുന്നത്.
റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവക്കടുത്താണ് സ്ഥലം വേണ്ടത്. മുനിസിപ്പാലിറ്റി കെട്ടിടം കിട്ടിയില്ലെങ്കിൽ പരിസരത്തുതന്നെ മറ്റൊരു കെട്ടിടം കണ്ടെത്തണം. 2015ൽ കോഴിക്കോട് ജില്ലയിലാണ് സംസ്ഥാനത്ത് ആദ്യമായി ‘എന്റെ കൂട്’ പ്രവർത്തനം ആരംഭിച്ചത്. നഗരത്തോടു ചേർന്ന് കസബ പൊലീസ് സ്റ്റേഷന് സമീപമാണിത്. തിരുവനന്തപുരം നഗരത്തിൽ 2018ൽ ആരംഭിച്ച ‘എന്റെ കൂട്’ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലാണ് പ്രവർത്തിക്കുന്നത്. കാക്കനാട് ഐ.എം.ജി ജങ്ഷനിൽ 2022ലാണ് കൂട് ആരംഭിച്ചത്. വിവിധ ആവശ്യങ്ങൾക്കായി മറ്റിടങ്ങളിൽനിന്നെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രി സുരക്ഷിത താമസം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരീക്ഷ, അഭിമുഖം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകളാണ് ഈ ഇടങ്ങൾ ഉപയോഗിക്കുന്നവരിൽ ഏറെയും. വൈകീട്ട് 6.30 മുതൽ രാവിലെ 7.30 വരെയാണ് വിശ്രമിക്കാനാകുക. മാസത്തിൽ പരമാവധി മൂന്നു ദിവസത്തേക്ക് മാത്രമാണ് സൗജന്യ പ്രവേശനം അനുവദിക്കുക.
അടിയന്തര സാഹചര്യങ്ങളിൽ മൂന്നു ദിവസങ്ങളിൽ കൂടുതൽ താമസിക്കേണ്ടിവന്നാൽ അധികമായി വേണ്ടിവരുന്ന ഓരോ ദിവസത്തിനും 150 രൂപ നൽകണം. സ്ത്രീകൾ, പെൺകുട്ടികൾ, 12നുതാഴെ പ്രായമുള്ള ആൺകുട്ടികൾ എന്നിവർക്കാണ് പ്രവേശനം. അശരണരായ വനിതകൾക്ക് മുൻഗണന ഉണ്ടായിരിക്കും. കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് പ്രവേശനം നേടേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

