പദ്ധതികളുണ്ട്, പക്ഷേ, റബർ കർഷകരെ കിട്ടാനില്ല!
text_fieldsകോട്ടയം: കർഷകരെ ആകർഷിക്കാൻ സർക്കാറുൾപ്പെടെ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും അത് പ്രയോജനപ്പെടുത്താൻ ആവശ്യത്തിന് റബർ കർഷകരെ കിട്ടാനില്ല. സംസ്ഥാനത്തെ ഇപ്പോഴത്തെ പൊതുസ്ഥിതി ഇതാണ്. റബറിന് കിലോക്ക് 250 രൂപ ലഭ്യമാക്കുമെന്ന പ്രഖ്യാപനങ്ങൾ വിശ്വാസത്തിലെടുത്ത് റബർ കൃഷിക്കായി ഇറങ്ങിയവരൊക്കെ അത് ഉപേക്ഷിക്കുന്ന അവസ്ഥയാണ്. റബർ തോട്ടങ്ങൾ മറ്റ് കൃഷി ആവശ്യങ്ങൾക്ക് പാട്ടത്തിന് കൊടുത്തോ അല്ലെങ്കിൽ മറ്റ് കൃഷികൾ നടത്തിയോ വരുമാനമുണ്ടാക്കാനുള്ള നീക്കത്തിലാണ് കർഷകർ. സർക്കാർ വാഗ്ദാനങ്ങൾ വെറും പൊള്ളയാകുന്നെന്ന ആക്ഷേപവും അവർ ഉന്നയിക്കുന്നു. ഒരുകാലത്ത് റബറിന്റെ സ്വന്തം നാടെന്ന് അറിയപ്പെട്ടിരുന്ന കോട്ടയവും സമീപ ജില്ലകളുമെല്ലാം ഇപ്പോൾ റബർ കൃഷിയിൽനിന്ന് പിന്നാക്കം പോകുന്നെന്ന് തെളിയിക്കുന്ന നിലക്കാണ് കാര്യങ്ങൾ.
റബർ പുനഃകൃഷിക്ക് സഹായവുമായി സംസ്ഥാനസർക്കാറും റബർ ബോർഡും ഇറങ്ങിയിട്ടും അതിനോട് കർഷകർ മുഖംതിരിക്കുകയാണ്. രണ്ട് പദ്ധതിയിലും കാര്യമായ അപേക്ഷകർ എത്തിയിട്ടില്ല എന്നുള്ളത് ഇതിന് തെളിവാണ്. മുമ്പ് റബർ കൃഷിയുണ്ടായിരുന്നതും ജലലഭ്യത ഉള്ളതുമായ സ്ഥലങ്ങൾ ഇപ്പോൾ മറ്റ് കൃഷിക്ക് പാട്ടത്തിന് നൽകുകയാണ്. റബർ ഉൽപാദനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടി ഇതിലൂടെ ലഭിക്കുന്നെന്നതാണ് ഇതിന് കർഷകരെ പ്രേരിപ്പിക്കുന്നത്. പൈനാപ്പിൾ കൃഷിക്ക് ഒരേക്കർ ഭൂമി നൽകിയാൽ ഒരുലക്ഷം രൂപ വരെ ഒരുവർഷം ലഭിക്കുമെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഈ സ്ഥലങ്ങളിൽ റബർ തൈവെച്ചാൽ മൂന്നുവർഷത്തിനുശേഷം പൈനാപ്പിൾ കൃഷി ചെയ്യാൻ സാധിക്കില്ലെന്നും അതിനാലാണ് റബർ തൈകൾ വെക്കാൻ കർഷകർ തയാറാകാത്തതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സർക്കാർ വാഗ്ദാനങ്ങൾ നടപ്പാക്കാത്തതും കൃഷിയിൽനിന്ന് പിന്തിരിയാൻ കാരണമാകുന്നെന്ന് കർഷകർ പറയുന്നു. റബറിന്റെ സംഭരണവില 200 രൂപയായി ഉയർത്തിയത് നവംബർ മുതൽ കർഷകർക്ക് ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയ സംസ്ഥാന സർക്കാർ കർഷകരെ പറഞ്ഞുപറ്റിക്കുകയായിരുന്നെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു. നവംബറിൽ വിൽപന നടത്തിയ ഒരുകർഷകനുപോലും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

