നഗരസഭ ജീവനക്കാരുടെ അഭാവം; ജനത്തെ വട്ടംചുറ്റിച്ച് നാട്ടകം സോണൽ ഓഫിസ്
text_fieldsകോട്ടയം: മുനിസിപ്പാലിറ്റിയുടെ നാട്ടകം സോണൽ ഓഫിസിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജനങ്ങളെ വലക്കുന്നു. നികുതി വിഭാഗത്തിലെ രണ്ടു ജീവനക്കാരാണ് അടുത്തിടെ ചങ്ങനാശ്ശേരി ഓഫിസിലേക്ക് സ്ഥലംമാറിപ്പോയത്. പകരം ആളെ നിയമിച്ചിട്ടില്ല. ഇതോടെ നിലവിലുള്ളവർ മറ്റുള്ളവരുടെകൂടി ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. സെക്ഷനിൽ പരിചയമില്ലാത്തവരായതിനാൽ ജോലി വൈകാനും ഇടയാക്കുന്നു.
ഓഫിസിൽ രാവിലെ മുതൽ നികുതി അടക്കാനെത്തുന്നവരുടെ തിരക്കാണ്. നികുതി പിരിവ് ഊർജിതമാക്കുന്നതിെൻറ ഭാഗമായി കുടുംബശ്രീ പ്രവർത്തകർവഴി വീടുകളിൽ നോട്ടീസ് എത്തിച്ചിരുന്നു. നോട്ടീസ് കിട്ടി നികുതി അടക്കാനും സംശയങ്ങൾ തീർക്കാനുമാണ് കൂടുതൽപേരും എത്തുന്നത്.
ഓൺലൈൻ നികുതി അടക്കുന്ന സംവിധാനം നഗരസഭയിൽ ഇല്ലാത്തതിനാൽ ഏറെനേരം കാത്തുനിന്നാണ് ഇവർക്ക് മടങ്ങിപ്പോകാനാവുന്നത്. കഴിഞ്ഞ കൗൺസിലിൽ തുറമുഖം കൗൺസിലർ ദീപമോൾ വിഷയം ഉന്നയിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇവിടത്തെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ അടുത്തിടെ സ്ഥലംമാറ്റിയതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു.
കാര്യക്ഷമതയുള്ള ജീവനക്കാരെയെല്ലാം പല വിരോധംവെച്ച് തലങ്ങും വിലങ്ങും മാറ്റുകയാണെന്നാണ് പ്രതിപക്ഷത്തിെൻറ ആരോപണം. കോട്ടയത്ത് ജനന മരണ രജിസ്ട്രേഷൻ വിഭാഗത്തിലും ജീവനക്കാരനെ സ്ഥലംമാറ്റി. ഇതുമൂലം സർട്ടിഫിക്കറ്റുകൾ ലഭ്യമാകാൻ വൈകുന്നു. ജില്ലക്കു പുറത്തുനിന്നുപോലും ജനന മരണ രജിസ്ട്രേഷന് ആളുകളെത്തുന്നുണ്ട്. ഒരുദിവസം മുഴുവൻ കാത്തുനിന്നാലും വീണ്ടും വരേണ്ട ഗതികേടിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

