അന്തർസംസ്ഥാന മാലമോഷണസംഘം പിടിയിൽ
text_fieldsതലയോലപ്പറമ്പ്: അന്തർസംസ്ഥാന മാലമോഷണ സംഘത്തിലെ പ്രധാനികൾ അറസ്റ്റിൽ. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി സിബിൻ (24), തൃപ്പൂണിത്തുറ സ്വദേശി സുജിത് (40) എന്നിവരാണ് തലയോലപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. മേയിൽ വെട്ടിക്കാട്ടുമുക്ക് സ്വദേശിനിയായ വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിച്ച കേസിൽ നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കളുടെ മോട്ടോർ സൈക്കിൾ ചങ്ങനാശ്ശേരിയിൽ നിന്ന് കണ്ടെത്തി.
വാഹനത്തിന്റെ നമ്പർപ്ലേറ്റ് വ്യാജമാണ്. വ്യാജ നമ്പർ നിർമിച്ച് നൽകിയ ഹരീന്ദ്ര ഇർവിനെ പിടികൂടി. ഇയാളുടെ വീട്ടില്‍നിന്ന് വ്യാജ കറന്‍സി നോട്ടുകളും പ്രിന്റ് ചെയ്യുന്ന പേപ്പറുകളും വ്യാജ സ്വര്‍ണ ബിസ്കറ്റുകളും എയര്‍ പിസ്റ്റളും പൊലീസ് കണ്ടെത്തി. ഇയാളാണ് പ്രതികള്‍ക്ക് ഒ.എൽ.എക്സിൽ വിൽപനക്ക് നൽകിയിരിക്കുന്ന വാഹനത്തിന്റെ ആർ.സി നമ്പർ കരസ്ഥമാക്കിയശേഷം അതേ നമ്പർ മോഷണത്തിന് ഉപയോഗിക്കുന്ന മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഷിബിനെയും സുജിത്തിനെയും പിടികൂടിയത്.
വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വാഹനം ഉപയോഗിച്ച് വഴിയാത്രികരുടെ മാല പിടിച്ചുപറിച്ച് എടുക്കുകയാണ് ഇവരുടെ രീതി. ഇരുവരും ചേർന്ന് വിവിധ ജില്ലകളിലായി ഇത്തരത്തില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി, ഉദയംപേരൂർ, തലയോലപ്പറമ്പ്, ഏറ്റുമാനൂർ എന്നിവിടങ്ങളിലും സമാന രീതിയിൽ ഇവർ മോഷണം നടത്തി.
സുജിത്തിനെ ചെങ്ങന്നൂരിൽനിന്നും സിബിനെ കൊല്ലത്തുനിന്നുമാണ് പിടികൂടിയത്. സിബിന് കേരളത്തിലും തമിഴ്നാട്ടിലുമായി ആറ് കേസും സുജിത്തിന് 10 കേസും നിലവിലുണ്ട്. വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ്, കോട്ടയം ഡിവൈ.എസ്.പി അനീഷ് കെ.ജി, ഏറ്റുമാനൂര്‍ സ്റ്റേഷന് എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വര്‍ഗീസ്, തലയോലപ്പറമ്പ് എസ്.എച്ച്.ഒ ബിജു കെ.ആര്, എസ്.ഐ ദീപു ടി.ആർ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

