വോട്ടുയന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്കു മാറ്റി
text_fieldsകോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള വോട്ടു യന്ത്രങ്ങൾ ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലെയും സ്ട്രോങ് റൂമുകളിലേക്ക് മാറ്റി. തിരുവാതുക്കലുള്ള ഇലക്ട്രോണിക് ഇ.വി.എം വെയർഹൗസിൽ നിന്ന് തിങ്കളാഴ്ച രാവിലെ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ വി. വിഘ്നേശ്വരിയുടെയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് അതത് നിയമസഭാമണ്ഡലങ്ങളിലേക്കുള്ള വോട്ടു യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചത്. നിയമസഭ മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ വോട്ടു യന്ത്രങ്ങൾ ഏറ്റുവാങ്ങാൻ എത്തിയിരുന്നു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരുടെ ജീവനക്കാർ വോട്ടു യന്ത്രങ്ങൾ ഏറ്റുവാങ്ങി അവർക്കായി നിശ്ചയിച്ചിട്ടുള്ള കവചിത വാഹനത്തിൽ കയറി പൊലീസ് അകമ്പടിയോടെയാണ് വോട്ടിങ് യന്ത്രങ്ങൾ ഓരോ നിയോജകമണ്ഡലത്തിലേയും സ്ട്രോങ് റൂമിലെത്തിച്ചത്.
ഒന്നാംഘട്ട റാൻഡമൈസേഷനിലൂടെ ഓരോ നിയോജകമണ്ഡലത്തിനും അനുവദിച്ച വോട്ടു യന്ത്രങ്ങളാണിവ. ഓരോ നിയോജകമണ്ഡലത്തിലും ആവശ്യമായ ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയുടെ 20 ശതമാനത്തിൽ അധികവും വി.വി.പാറ്റ് മെഷീനുകളുടെ 30 ശതമാനത്തിൽ അധികവുമാണ് ആദ്യഘട്ട റാൻഡമൈസേഷനിലൂടെ അനുവദിച്ചിട്ടുള്ളത്. ഏപ്രിൽ പകുതിക്കുശേഷം നടക്കുന്ന രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാവും വോട്ടുയന്ത്രം ഏത് പോളിങ് ബൂത്തിലേക്ക് എന്നു നിശ്ചയിക്കുക. സബ് കലക്ടർ ഡി. രഞ്ജിത്ത്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ടി.എസ്. ജയശ്രീ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.
വോട്ടുയന്ത്രം സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകൾ:
- പാലാ-സെന്റ് വിൻസെന്റ് പബ്ലിക് സ്കൂൾ, പാലാ
- കടുത്തുരുത്തി-ദേവമാതാ കോളജ്, കുറവിലങ്ങാട്
- വൈക്കം- സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ, വൈക്കം
- ഏറ്റുമാനൂർ-സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ, അതിരമ്പുഴ
- കോട്ടയം-എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം
- പുതുപ്പളളി-ബേക്കർ മെമ്മോറിയൽ സ്കൂൾ, കോട്ടയം
- ചങ്ങനാശേരി- എസ്.ബി. ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശേരി
- കാഞ്ഞിരപ്പള്ളി- സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞിരപ്പള്ളി
- പൂഞ്ഞാർ-സെന്റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

