വഴിവിളക്കുകൾ കണ്ണടച്ചു; പാലാ-പൊൻകുന്നം റോഡ് ഇരുട്ടിൽ
text_fieldsഎലിക്കുളം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പാലാ-പൊൻകുന്നം റോഡിൽ സൗര വഴിവിളക്കുകൾ മിഴിയടച്ചതോടെ രാത്രിയാത്ര ഇരുട്ടിലായി.
വഴിവിളക്കുകളുടെ പരിപാലനം നടത്താത്തതിനാലും കരാറുകാർ വിളക്ക് പുനഃസ്ഥാപിക്കാത്തതിനാലും 21 കിലോമീറ്റർ റോഡിൽ ഒരു വിളക്കു പോലും തെളിയുന്നില്ല. പാലാ മുതൽ പൊൻകുന്നം വരെ 21 കീലോമീറ്റർ ദൂരത്തിൽ 45 മീറ്റർ ഇടവിട്ട് ഇരുവശങ്ങളിലായി സ്ഥാപിച്ച സൗരോർജ പാനലുകളും ബാറ്ററിയും ചേർന്ന വിളക്കുകൾ വാറന്റി പിന്നിടുന്നതിന് മുന്നേ തകരാറിലായി. 50 എണ്ണത്തോളം വാഹനമിടിച്ച് നശിച്ചു. ഇവക്ക് വാഹന ഉടമകളിൽനിന്ന് ഒരു വിളക്കിന് ലക്ഷം രൂപവരെ പൊതുമരാമത്ത് നഷ്ടപരിഹാരം ഈടാക്കിയിരുന്നു. എന്നാൽ, ഒരെണ്ണം പോലും പുനഃസ്ഥാപിച്ചില്ല. വാറന്റി കാലയളവ് കഴിഞ്ഞതോടെ ബാക്കിയും പ്രവർത്തന രഹിതമായി.
സൗരവിളക്കുകളുടെ ബാറ്ററി എലിക്കുളം മേഖലയിൽ പലയിടത്തും മോഷണം പോയി. ചില കേസുകളിൽ സി.സി.ടി.വി ദൃശ്യങ്ങൾ വെച്ച് പൊലീസ് പ്രതികളെ പിടികൂടി. നാട്ടുകാരും തദ്ദേശ സ്ഥാപനങ്ങളും നിരന്തരം പരാതി നൽകിയിട്ടും വിളക്കുകൾ നന്നാക്കാൻ പൊതുമരാമത്ത് നടപടി സ്വീകരിച്ചില്ല. എല്ലാം ശരിയാക്കാമെന്ന് പാലാ, കാഞ്ഞിരപ്പള്ളി എം.എൽ.എമാർ നൽകിയ വാഗ്ദാനവും പാലിച്ചില്ല. രാത്രി വെളിച്ചമില്ലാത്തതിനാൽ നിരവധി അപകടങ്ങളും സംഭവിക്കുന്നുണ്ട്. ശബരിമല തീർഥാടന കാലയളവിലായിരുന്നു ഏറെ അപകടം നടന്നത്.
പകരം സ്ഥാപിച്ചവ പരിമിതം
പൊതുമരാമത്ത് വകുപ്പ് നടപടി എടുക്കാതിരുന്നപ്പോൾ എലിക്കുളം പഞ്ചായത്ത് തങ്ങളുടെ പരിധിയിൽ സാധാരണ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചു. എന്നാൽ, വീതിയേറിയ റോഡിൽ ഇത് ആവശ്യത്തിന് പ്രകാശം നൽകില്ല. കൂടുതൽ വലിയ വിളക്കുകൾ സ്ഥാപിക്കാനും വൈദ്യുതി ചാർജ് അടക്കാവാനും ഫണ്ട് കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് മാർഗമില്ലാത്തതും തടസ്സമായിട്ടുണ്ട്. എം.പി ഫണ്ട്, ജില്ല പഞ്ചായത്ത് ഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവ ഉപയോഗിച്ച് ഏതാനും ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ കവലകളിൽ സ്ഥാപിച്ചതാണ് പിന്നീടുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

