മനം നിറച്ച് മലരിക്കൽ ആമ്പൽ വസന്തം
text_fieldsകോട്ടയം: കാഴ്ചക്കാരുടെ മനസ്സിന് കുളിരുപകർന്ന് നോക്കെത്താ ദൂരത്തോളം ആമ്പൽപ്പൂവസന്തം. പിങ്ക് നിറം നിറച്ച് പരന്നു കിടക്കുന്ന മലരിക്കലിലെ ആമ്പൽപാടം കാണാനും ടൂറിസം സാധ്യതകൾ വിലയിരുത്താനുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചൊവ്വാഴ്ച രാവിലെ ഏഴിന് എത്തുന്നുണ്ട്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായാണ് മലരിക്കലിലെ പാടശേഖരങ്ങളിൽ ആമ്പൽ വിരിയുന്നത്. കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റുന്നതോടെ ആമ്പലുകൾ പൂക്കാൻ തുടങ്ങും. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും 820 ഏക്കറുള്ള തിരുവായ്ക്കരി പാടത്തുമായാണ് ആമ്പൽ പൂക്കൾ വസന്തം ഒരുക്കുന്നത്.
രാത്രി വിരിയുന്ന പൂക്കൾ രാവിലെ പത്തോടെ വാടിത്തുടങ്ങും. സന്ദർശകർക്ക് വള്ളങ്ങളിൽ ആമ്പലുകൾക്കിടയിലൂടെ യാത്ര ചെയ്ത് കാഴ്ചകൾ കാണാൻ സൗകര്യം ഉണ്ട്. മീനച്ചിലാർ -മീനന്തറയാർ -കൊടൂരാർ പുനസംയോജന പദ്ധതി, തിരുവാർപ്പ് പഞ്ചായത്ത്, മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവിസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സർവിസ് സഹകരണ ബാങ്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ സംയുക്തമായാണ് ആമ്പൽ ഫെസ്റ്റ് നടത്തുന്നത്. 160 വള്ളങ്ങളാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ആമ്പൽപ്പാടം ചുറ്റിക്കാണാൻ ഒരാൾക്ക് 100 രൂപയാണ് വള്ളത്തിന് ഫീസ്. ഒരു മണിക്കൂറിന് ആയിരം രൂപ നൽകി വള്ളം വാടകക്കുമെടുക്കാം. പ്രധാനമായി ഫോട്ടോ ഷൂട്ട് നടത്താനാണ് ആളുകൾ ഇത് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

