ജില്ല ആശുപത്രിയിൽ നിന്ന് നീക്കുന്ന മണ്ണ് മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിന് ഉപയോഗിക്കും
text_fieldsകോട്ടയം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ട് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗം.
കോട്ടയം: ജില്ല ജനറൽ ആശുപത്രിയിൽനിന്ന് പുതിയ കെട്ടിടനിർമാണത്തിന്റെ ഭാഗമായി നീക്കുന്ന അധികമണ്ണ് കോട്ടയം മെഡിക്കൽ കോളജിൽ പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിന് ഉപയോഗിക്കും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്ന യോഗം 4000 ക്യൂബിക് മീറ്റർ മണ്ണാണ് പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിനാവശ്യമായി വരുന്നതെന്ന് വിലയിരുത്തി. ജനറൽ ആശുപത്രി കോമ്പൗണ്ടിൽ നിന്ന് 13000 ക്യുബിക് മീറ്റർ മണ്ണാണു നീക്കം ചെയ്യുന്നത്. ഇതിനോടകം 5000 ക്യൂബിക് മീറ്റർ നീക്കിയതായി നിർമാണച്ചുമതലയുള്ള ഇൻകെൽ അറിയിച്ചു. 5000 ക്യുബിക് മീറ്റർ മണ്ണ് കോടിമത -മുപ്പായിക്കാട് റോഡ് നിർമാണത്തിനായി കൈമാറിയിട്ടുണ്ട്.
ജനറൽ ആശുപത്രിയിൽ നിന്ന് നീക്കുന്ന മണ്ണ് ഏറ്റുമാനൂർ, കോട്ടയം നിയോജകമണ്ഡലങ്ങളിലെ റോഡുകളുടെ വികസനത്തിന് ഉപയോഗിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു. മെഡിക്കൽ കോളജിലെ പാർക്കിങ് ഗ്രൗണ്ട് നിർമാണത്തിന് മണ്ണ് കൊണ്ടുപോകുന്നതിന് സീനിയറേജ് ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട് ഇൻകെൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഇതുവരെ മണ്ണ് നീക്കിയത് വിലയിരുത്തി തുടർനടപടികൾക്കായി ജിയോളജി വകുപ്പും ഇൻകെലും ശനിയാഴ്ച സംയുക്ത പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ല കലക്ടർ ജോൺ വി. സാമുവൽ, സബ് കലക്ടർ ഡി. രഞ്ജിത്ത്, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ. പി.എൻ. വേലായുധൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

