കോട്ട ശക്തമാക്കാൻ റെയിൽവേ സുരക്ഷാസേനയും പൊലീസും; അതിക്രമങ്ങൾ തടയുക ലക്ഷ്യം
text_fieldsകോട്ടയം: ട്രെയിനിലെ അക്രമകാരികളെയും സാമൂഹികവിരുദ്ധരെയും പൂട്ടി റെയിൽവേ സുരക്ഷാസേന. 10 മാസത്തിനിടെ മദ്യപിച്ചും ട്രെയിനിന്‍റെ ഫുട്ബോർഡിലിരുന്നും യാത്രചെയ്ത 700 പേരെയാണ് കോട്ടയം റെയിൽവേ പൊലീസും റെയിൽ സുരക്ഷസേനയും പിടികൂടിയത്. രണ്ടുദിവസത്തിനിടെ വനിത കമ്പാർട്ട്മെന്‍റിൽ യാത്രചെയ്യാൻ ശ്രമിച്ച 10 പേരെ കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് സുരക്ഷാസേന പിടികൂടി.
24 മോഷണക്കേസും സ്ത്രീകൾക്കെതിരെയുള്ള എട്ട് ലൈംഗികാതിക്രമ കേസുകളും റിപ്പോർട്ട് ചെയ്തു. മദ്യപിച്ച് പ്ലാറ്റ്ഫോം പരിസരത്ത് ശല്യമുണ്ടാക്കിയവർക്കെതിരെ കേസെടുക്കുകയും 1000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഫുട്ബോർഡിലിരുന്ന് മറ്റ് യാത്രക്കാർക്കു തടസ്സം സൃഷ്ടിച്ചവർക്കെതിരെ കേസെടുത്ത് 1000 രൂപ റെയിൽവേ പൊലീസ് പിഴ ചുമത്തി. ട്രെയിനുകളിലെ കമ്പാർട്ട്മെന്‍റുകളിലും പ്ലാറ്റ്ഫോമുകളിലും റെയിൽവേ സുരക്ഷാസേനയുടെ പരിശോധന ദുർബലപ്പെട്ടതിന്‍റെ ഫലമായാണ് കേരള എക്സ്പ്രസ് ട്രെയിനിൽ 18കാരിക്കുനേരെ ആക്രമണമുണ്ടാകാനിടയായത്.
ഭിക്ഷാടന മാഫിയ മുതൽ മോഷ്‌ടാക്കൾ വരെ
ട്രെയിനുകളും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളും സാമൂഹികവിരുദ്ധരുടെ താവളമാണ്. എളുപ്പത്തിൽ രക്ഷപ്പെടാമെന്ന ചിന്തയാണ് ഇക്കൂട്ടരെ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ തമ്പടിക്കാൻ പ്രേരിപ്പിക്കുന്നത്. ദിവസേന നൂറുകണക്കിന് ആളുകൾ കടന്നുപോകുന്നതിനാൽ ഇവർ ശ്രദ്ധിയിൽപെട്ടിരുന്നില്ല.
റെയിൽവേ സ്റ്റേഷൻ പരിസരവും ലഹരിനിരോധിത മേഖലയാണ്. നിയമം ലംഘിച്ചാൽ ആറുമാസം തടവോ 500 രൂപ പിഴയോ ഈടാക്കാം. എന്നാൽ, ട്രെയിനുകളില്‍ മദ്യപിച്ച് കയറുന്നവരും മദ്യം ശീതളപാനീയങ്ങളുമായി കലർത്തി കൊണ്ടുപോകുന്നതും പതിവാണ്. ആരെങ്കിലും മദ്യപിച്ച് കയറുന്നുണ്ടോ എന്നുപോലും പരിശോധിക്കാറില്ല.
അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ തമ്പടിക്കുന്നുണ്ട്. സ്റ്റേഷൻ പരിസരത്ത് ഭിക്ഷാടനം നടത്തുന്ന ഇക്കൂട്ടർ പണം കിട്ടിയാൽ ഉടൻ മദ്യം കുടിച്ച് ബോധമില്ലാതെ കിടക്കുന്നത് പതിവാണ്. പലപ്പോഴും ഇക്കൂട്ടരെ ഓടിച്ചാലും മടങ്ങിയെത്തുകയോ മറ്റു റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലേക്ക് മാറുകയോ ചെയ്യും.
മോഷണങ്ങളുടെയും ലഹരിക്കടത്തിെന്റയും ഹോട്സ്പോട്ട്
ലഹരിക്കടത്തുകാരും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്നും കഞ്ചാവ് ഉൾപ്പെടെ ട്രെയിനിലാണ് എത്തിക്കുന്നത്. റെയിൽവേ സ്റ്റേഷന് തൊട്ടുമുമ്പ് കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് എത്തിക്കുന്ന കഞ്ചാവുപൊതികൾ വലിച്ചെറിയും.
ഇവ ശേഖരിക്കാൻ ആളുകൾ മുൻകൂട്ടി തന്നെ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ടാകും. ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്തയാൾ കഞ്ചാവ് കച്ചവടം നടത്തുന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. 15.200 കിലോ കഞ്ചാവാണ് കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്മെന്‍റ് ആൻഡ് ആന്‍റി നാർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് എറിഞ്ഞുകിട്ടുന്ന പൊതികളിൽനിന്നും കഞ്ചാവ് ശേഖരിച്ചാണ് കൗമാരക്കാരൻ കച്ചവടം നടത്തിയിരുന്നത് എന്നാണ് വിവരം.
സമീപകാലത്തായി ട്രെയിനുകളിലെ മോഷണങ്ങളിലും വർധനയുണ്ട്. മൊബൈൽ ഫോൺ, ലാപ്‌ടോപ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തുന്ന സംഘങ്ങളും ഇക്കൂട്ടത്തിലുണ്ട്. ട്രെയിനുകളിലെ മോഷ്‌ടാക്കൾ അപകടകാരികളാണ്.
മോഷണം പിടിക്കപ്പെടുമെന്ന് കണ്ടാൽ അപായപ്പെടുത്താനും ഇക്കൂട്ടർ മടിക്കാറില്ല. അതേസമയം, നാഗമ്പടത്തെ രണ്ടാം പ്ലാറ്റ്ഫോം പരിസരത്ത് മതിയായ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടില്ല. നാഗമ്പടം ഭാഗത്തുനിന്ന് എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാനും സംവിധാനമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

