പള്ളിയിൽനിന്ന് പഴ്സ് മോഷ്ടിച്ചു
text_fieldsറെയിൽവേ സ്റ്റേഷന് സമീപത്തെ സഫ മസ്ജിദിൽ മോഷണം
നടത്തിയ ആളുടേതെന്ന് കരുതുന്ന സി.സി ടി.വി ദൃശ്യം
കോട്ടയം: നിസ്കാരസമയത്ത് പള്ളിക്കകത്തെ ഓഫിസ് മുറിയിൽനിന്ന് പണവും രേഖകളും എം.ടി.എം കാർഡുകളടങ്ങിയ പഴ്സ് കവർന്ന് മോഷ്ടാവ് കടന്നു. റെയിൽവേസ്റ്റേഷന് സമീപത്തെ സഫ മസ്ജിദിൽ ബുധനാഴ്ച രാത്രിയാണ് സംഭവം.
മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ സി.സി ടി.വിയിൽ കണ്ടെത്തി. പ്രസിഡന്റ് മുഹമ്മദ് റാഫിയുടെ പഴ്സാണ് നഷ്ടപ്പെട്ടത്. 8.40ന് നമസ്കാരത്തിനെത്തിയ പള്ളി ഭാരവാഹിയാണ് ഒരാൾ ഓഫിസ് മുറിയിൽനിന്നിറങ്ങിവരുന്നത് കണ്ടത്. സംശയം തോന്നിയതോടെ സി.സി. ടി.വി കാമറ പരിശോധിക്കുകയായിരുന്നു.
നീല ഷർട്ടും ഇളം നീല ജീൻസും ധരിച്ച ഇയാൾ പഴ്സെടുത്തുപോകുന്നത് കാമറയിൽ കാണാം. ഓറഞ്ച് നിറത്തിലെ ബാഗോ പ്ലാസ്റ്റിക് കവറോ ഇയാളുടെ കൈയിലുണ്ടായിരുന്നു. ദൃശ്യങ്ങൾ സഹിതം മുഹമ്മദ് റാഫി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

