കുത്തരിവില 60 കടന്നു; അടുക്കളയിൽ പ്രതിസന്ധിയുടെ വേവ്
text_fieldsകോട്ടയം: അടുക്കളകളെ പ്രതിസന്ധിയിലാക്കി അരിവില കുതിക്കുന്നു. കുത്തരി ബ്രാൻഡഡിന് വില 60 കടന്നു. മൊത്തവില 40 മുതൽ 53.50 വരെയായി. സുരേഖ മൊത്തവില 38 മുതൽ 40 രൂപവരെ ആയപ്പോൾ ചില്ലറ വില 46 രൂപയിലെത്തി.
ജയ 37 മുതൽ 55 വരെയാണ് മൊത്തവില. ചില്ലറ മാർക്കറ്റിലെത്തുമ്പോഴേക്കും വില 62 ആണ്. പൊന്നി 39 രൂപയും പച്ചരി 26 മുതൽ 32 വരെയുമാണ് മൊത്തവില. 25 കിലോവരെയുള്ള പാക്കറ്റ് അരിക്ക് അഞ്ചു ശതമാനം ജി.എസ്.ടി ചുമത്തിയതും വില കൂടാൻ കാരണമായി. ജയ അരിയുടെ വില വർധന താരതമ്യേന കോട്ടയത്തെ ബാധിക്കില്ല. ജില്ലയിൽ അധികം പേരും ഉപയോഗിക്കുന്നത് സുരേഖയും കുത്തരിയുമാണ്. ചെറിയൊരു വിഭാഗം ജയ ഉപയോഗിച്ചിരുന്നെങ്കിലും വില കൂടിയതോടെ വിട്ടു. പൊന്നിയും ഉപയോഗിക്കുന്നവരുണ്ട്.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ജയ അരിയുടെ ഉപയോഗം കൂടുതൽ. ആന്ധ്രയാണ് കേരളത്തിനുള്ള ജയ അരിയുടെ വിളനിലം. എന്നാൽ, ഇത്തവണ അവിടെ തദ്ദേശീയമായ പച്ചരിയുടെ ഉൽപാദനം വർധിപ്പിക്കാൻ സർക്കാർ ജയയുടെ കൃഷിക്ക് സബ്സിഡി കുറച്ചു. ഇതോടെ ജയയുടെ ഉൽപാദനം കുറഞ്ഞു. ഇതാണ് കേരളത്തിലേക്കുള്ള ജയയുടെ വരവ് കുറയാൻ കാരണം. ഇത് വിലകൂടാനും കാരണമായി. പഞ്ചാബിൽനിന്ന് ജയ അരി വരുന്നുണ്ടെങ്കിലും ഗുണം കുറവായതിനൽ ആർക്കും വേണ്ട. കുത്തരിയുടെ വില കൂടാൻ കാരണം പൊതുവെ നെല്ലിന്റെ ഉൽപാദനം കുറഞ്ഞതാണ്. കർണാടകയിൽ വിളവെടുപ്പ് ആരംഭിക്കുന്നതോടെ ഡിസംബറിൽ കുത്തരി വില കുറയുമെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്. മാത്രമല്ല ബംഗാൾ, യു.പി. എന്നിവിടങ്ങളിൽനിന്ന് സുരേഖയും വരാൻ തുടങ്ങിയിട്ടുണ്ട്.