ആളെ വീഴ്ത്തും അപായക്കുരുക്ക്
text_fieldsസി.എം.എസ് കോളജിന് സമീപം അലക്ഷ്യമായി കിടക്കുന്ന കേബിളുകൾക്ക് മുന്നിലൂടെ കടന്നുപോകുന്നവർ
കോട്ടയം: വഴിനടക്കാർക്കും ഇരുചക്രയാത്രികർക്കും അപകടക്കെണിയൊരുക്കി നഗരത്തിലെ വൈദ്യുതിത്തൂണുകളിലെ ഉപേക്ഷിക്കപ്പെട്ട കേബിളുകൾ. അലക്ഷ്യമായി ഉപേക്ഷിച്ച നിലയിൽ തുടരുന്ന കേബിൾ ടി.വി വിതരണത്തിനും ഇന്റർനെറ്റ് ലഭ്യതക്കും സ്ഥാപിച്ച കേബിളുകളാണ് അപകടഭീഷണി ഉയർത്തുന്നത്. നഗരത്തിൽ പലയിടങ്ങളിലും തലങ്ങും വിലങ്ങും ഇവ കാണാം. കോപ്പർ കേബിളുകൾ ഒപ്ടിക് ഫൈബർകേബിളിന് വഴിമാറിയതോടെ പഴയത് വിതരണ ശൃംഖലകളിൽ ഉപേക്ഷിച്ചമട്ടാണ്. ഇവ മിക്ക തൂണുകളുടെയും ചുവട്ടിലുണ്ട്. വഴിയാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുന്ന പരസ്യ - ഫ്ലെക്സ് ബോർഡുകൾ നീക്കണമെന്ന ഉത്തരവ് വകുപ്പുകൾ കൃത്യമായി നടപ്പാക്കിയെങ്കിലും ഉപേക്ഷിക്കപ്പെട്ട കേബിൾ നീക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
കേബിൾ സ്ഥാപിക്കുന്നത് സംബന്ധിച്ച കൃത്യമായ നയം പൊതുമരാമത്ത് വകുപ്പിന്റെ ഇന്ത്യൻ റോഡ് കോൺഗ്രസിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർ ഒന്നും അറിയാത്ത മട്ടിലാണ്. ഹൈകോടതി ഇടപെട്ടിട്ടും കേബിൾ കുരുക്കിന് ശാശ്വത പരിഹാരമായില്ല. സ്വകാര്യ കേബിൾ ഏജൻസികൾ കെ.എസ്.ഇ.ബിയിൽ ഫീസടച്ച് അനുമതി വാങ്ങിയ ശേഷമാണ് വൈദ്യുതിത്തൂണുകളിൽ ഉൾപ്പെടെ കേബിൾ സ്ഥാപിക്കുന്നത്.
ഇതിന് കൃത്യമായ മാർഗരേഖ കെ.എസ്.ഇ.ബി നൽകുന്നുമുണ്ട്. നീളമുള്ള കേബിൾ ടാഗ് ചെയ്ത് കെട്ടി ഒതുക്കി സൂക്ഷിക്കണമെന്നാണ് ഉത്തരവ്. എന്നാൽ ഈ മാർഗനിർദ്ദേശങ്ങൾ പലപ്പോഴും പാലിക്കപ്പെടാറില്ല. ഏറെ തിരക്കുള്ള നഗരത്തിന്റെ ഹൃദയഭാഗത്തെ തൂണുകളിൽ അപകടം ഒളിപ്പിച്ച് കേബിൾകുരുക്കുകൾ അവശേഷിക്കുകയാണ്. റോഡ് സുരക്ഷ അതോറിറ്റി ഇടപെട്ട് പ്രശ്നത്തിന് വേഗം പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

