കുടുംബശ്രീ സരസ് മേളകളിലെ ‘മുത്ത്’
text_fieldsമുത്തുമോൾ ചങ്ങനാശ്ശേരി ട്രഷറിക്ക് മുന്നിൽ കച്ചവടത്തിൽ
കോട്ടയം: പത്തുവയസ്സ് മുതൽ അച്ഛനമ്മമാരെ സഹായിക്കാൻ കത്തി, ഇരുമ്പുപാത്രം എന്നിവയുടെ കച്ചവടത്തിനിറങ്ങിയതാണ് മുത്തുമോൾ. പിന്നീട് ജീവിതത്തിൽ തണലായതും ഈ കച്ചവടം തന്നെ. കുടുംബശ്രീയുടെ സരസ് മേളകളിൽ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടി ശ്രദ്ധേയയാവുകയും ചെയ്തു. പനച്ചിക്കാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിലാണ് മുത്തുമോളുടെ ‘ഗായത്രി അയേൺ ടൂൾസ്’ പ്രവർത്തിക്കുന്നത്. പാരമ്പര്യമായി ഇരുമ്പ് വസ്തുക്കൾ ഉണ്ടാക്കുന്ന കുടുംബമാണ് മുത്തുമോളുടേത്. കത്തികൾക്കുപുറമെ അപ്പച്ചട്ടി, ദോശക്കല്ല്, തവ, കടുകുചട്ടി എന്നിവയും കാക്കൂരിലെ വീട്ടിലുണ്ടാക്കുന്നുണ്ട്. വിൽപനയിൽ മാത്രമല്ല, നിർമാണത്തിലും മുത്തുമോൾ പങ്കാളിയാണ്. ചങ്ങനാശ്ശേരി ട്രഷറിക്കു മുന്നിലാണ് കാലങ്ങളായി മുത്തുമോളുടെ വിൽപന. രാവിലെ 10നു ചങ്ങനാശ്ശേരി ട്രഷറിക്ക് മുന്നിലെത്തിയാൽ വൈകീട്ട് നാലിനു മടങ്ങും. ദിവസം 5000 രൂപ വരെ വരുമാനം കിട്ടാറുണ്ട്.
വിഷുവും ഓണവുമാണ് സീസൺ. കുടുംബശ്രീയിൽനിന്ന് മൂന്നുലക്ഷം രൂപ വായ്പയെടുത്താണ് സംരംഭം വിപുലപ്പെടുത്തിയത്. വായ്പ പൂർണമായി തിരിച്ചടച്ചു. ചിങ്ങവനത്ത് സ്ഥലംവാങ്ങി വീടുപണിതു. കടമുണ്ടായിരുന്നത് വീട്ടി. മക്കളെ പഠിപ്പിച്ചതും ഈ ജോലിയിൽനിന്നുള്ള വരുമാനം കൊണ്ടാണെന്നു മുത്തുമോൾ പറയുന്നു. പഠിക്കാൻ മിടുക്കിയായ മൂത്ത മകൾ ഗായത്രിക്ക് ഡോക്ടറാകാനാണ് ആഗ്രഹം. നീറ്റ് എഴുതി കാത്തിരിക്കുകയാണ്. കുടുംബശ്രീയുടെ മേളകളിൽ പങ്കെടുക്കുന്നത് വലിയ നേട്ടമായാണ് മുത്തുമോൾ കരുതുന്നത്. കൂടുതൽ വിൽപന നടക്കും. ഗായത്രിയാണ് മേളകളിൽ കൂട്ടുവരുന്നത്. ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്നതിനാൽ കേരളത്തിനുവെളിയിലെ മേളകൾ ഗായത്രിയുടെ കൈയിലാണ്. സിക്കിമിൽ നടന്ന സരസ് മേളയിൽ കൂടുതൽ വിൽപന നടത്തിയതിന് ഒന്നാംസമ്മാനം കിട്ടി. അഞ്ച് ട്രോഫികളുമായാണ് മുത്തുമോൾ നാട്ടിലേക്കുമടങ്ങിയത്. ഒഡിഷയിലും ഡൽഹിയിലും മേളക്ക് പോയിട്ടുണ്ട്. മക്കളുടെ പഠിപ്പാണ് ഇനിയുള്ള സ്വപ്നം. ഇളയമകൻ രമേഷ് പ്ലസ് വൺ വിദ്യാർഥിയാണ്. ഭർത്താവ് മണികണ്ഠനും ഈ മേഖലയിൽ തന്നെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

