പഞ്ചായത്ത് മെംബറും പുറത്ത്, കോണ്‍ഗ്രസ് അംഗത്തിന്റെ പേര് വോട്ടര്‍ പട്ടികയിലില്ല
text_fieldsകോട്ടയം: തിരുവാര്‍പ്പില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗം വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്ത്!. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് 11ാം വാര്‍ഡ് അംഗവും കോണ്‍ഗ്രസ് ആര്‍പ്പൂക്കര ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സുമേഷ് കാഞ്ഞിരത്തിന്റെ പേരാണ് വോട്ടര്‍ പട്ടികയിൽ കാണാത്തത്.
ഭാര്യക്കും സഹോദരിക്കും ഉടമസ്ഥാവകാശം ഉള്ള വേളൂര്‍ ഭാഗത്തെ വീട്ടിലേക്ക് സുമേഷ് സ്ഥിരതാമസം മാറ്റി എന്ന് കാണിച്ച് എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഗ്രാമപഞ്ചായത്തില്‍നിന്ന് കെട്ടിടനിര്‍മാണ അനുവാദം വാങ്ങി ഇദ്ദേഹം പഴയവീട് പൊളിച്ച് പുതിയ വീടിന്റെ നിര്‍മാണം നടത്തിവരികയാണ്. നിലവിലുള്ള എല്ലാ രേഖകളും സ്വന്തം വിലാസത്തിലാണെന്ന് സുമേഷ് പറയുന്നു.
കാഞ്ഞിരം എസ്.എൻ.ഡി.പി. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജീവനക്കാരനായ സുമേഷ്, എല്ലാ ദിവസവും വാര്‍ഡില്‍ത്തന്നെയുള്ള സ്കൂളില്‍ ജോലിക്ക് എത്തുന്നതിന്റെ രേഖകളും കാഞ്ഞിരത്ത് ഒരു വീട്ടില്‍ വാടകക്ക് താമസിക്കുന്നതിന്റെ രേഖകളും, ഹിയറിങ് സമയത്ത് ഇദ്ദേഹം സമർപ്പിച്ചിരുന്നു. ഇതെല്ലാം അറിയാമായിരുന്നിട്ടും പഞ്ചായത്ത് സെക്രട്ടറി വോട്ടര്‍ പട്ടികയില്‍നിന്ന് പേര് നീക്കുകയായിരുന്നെന്ന് സുമേഷ് ആരോപിച്ചു. എന്നാല്‍ വിശദപരിശോധനക്ക് ശേഷവും സി.പി.എം അനുകൂല സര്‍ക്കാര്‍ സര്‍വീസ് സംഘടനയില്‍ അംഗമായ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വോട്ടര്‍ പട്ടികയില്‍നിന്ന് സുമേഷിന്റെ പേര് നീക്കംചെയ്തതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നടപടി രാഷ്ട്രീയപേരിതമാണെന്നും കോണ്‍ഗ്രസ് തിരുവാര്‍പ്പ് മണ്ഡലം പ്രസിഡന്റ് കെ.സി മുരളീകൃഷ്ണന് പറഞ്ഞു. സമാനമായ നിരവധി പരാതികൾ ജില്ലയുടെ പല കോണുകളിൽ നിന്നും ഉയർന്നിട്ടുണ്ടെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. രാഷ്ട്രീയം ലക്ഷ്യംവെച്ച് അർഹരായ പലരേയും വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കുകയും ഉദ്യോഗസ്ഥതലത്തിലെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മതിയായ രേഖകൾ സമർപ്പിച്ചവരെ പോലും ഒഴിവാക്കിയതായും അവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

