അടുക്കള വാതിൽ കുത്തിത്തുറന്നു; മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണശ്രമം
text_fieldsസി.സിടി.വിയിൽനിന്ന് ലഭിച്ച മോഷ്ടാവിന്റെ ദൃശ്യം
കോട്ടയം: മറിയപ്പള്ളിയിൽ നാലു വീടുകളിൽ മോഷണശ്രമം. നാലു വീടുകളുടെയും അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. രണ്ടു വീടുകളുടെയും ഉള്ളിൽ കയറിയെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ ഒന്നും നഷ്ടപ്പെട്ടില്ല.
മറിയപ്പള്ളി ചെട്ടിക്കുന്ന് വാട്ടർടാങ്കിന് സമീപത്തെ താമസക്കാരായ അശ്വതി നിവാസിൽ പി.കെ. സജിമോൾ, ആശാലയം വീട്ടിൽ രവീന്ദ്രൻ, തോട്ടുങ്കൽ ജയകുമാർ, ചേരിക്കൽ രവീന്ദ്രൻ എന്നിവരുടെ വീടുകളിലാണ് വ്യാഴാഴ്ച പുലർച്ച മൂന്നു മണിക്കും 5.30 നും ഇടയിൽ കവർച്ച ശ്രമം നടന്നിരിക്കുന്നത്.
സജിമോളുടെ വീടിന്റെ പിൻവാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് സജിമോളുടെ മകൻ ഉണരുകയായിരുന്നു. കണ്ണുതുറന്നപ്പോൾ വെള്ള മങ്കി ക്യാപ് ധരിച്ച് ഉയരം കുറഞ്ഞ ഒരാളെയാണ് കണ്ടത്. ഉടുത്ത മുണ്ട് ഇയാൾ തെറുത്തുകയറ്റിവെച്ചിരുന്നു.
മറിയപ്പള്ളിയിലെ വീടുകളുടെ അടുക്കളവാതിലുകൾ മോഷ്ടാവ് കുത്തിത്തുറന്ന നിലയിൽ
കൈയിൽ കമ്പിവടിയുമുണ്ടായിരുന്നു. ബഹളം വെച്ചതോടെ ഇയാൾ ഇറങ്ങിയോടി. സി.സി ടി.വി പരിശോധിച്ചപ്പോൾ സമീപത്തെ ജയകുമാറിന്റെ വീടിന്റെ പുറകുവശത്തെ വാതിൽ തുറക്കാൻ ശ്രമിക്കുന്നത് വ്യക്തമായിട്ടുണ്ട്.
ആശാലയം വീട്ടിൽ രവീന്ദ്രന്റെ കൊച്ചുമകൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഉത്തര കിടന്നിരുന്ന മുറിയിലാണ് കള്ളൻ കയറിയത്. ശബ്ദം കേട്ട് ഉണർന്ന കുട്ടി ബഹളംവെച്ചപ്പോൾ മോഷ്ടാവ് ഇറങ്ങിയോടി. ചേരിക്കൽ രവീന്ദ്രന്റെ അടുക്കള വാതിൽ അഗ്രം വളഞ്ഞ ഇരുമ്പ് കമ്പി വടി ഉപയോഗിച്ച് പാതി തുറന്നനിലയിലാണ്.
വാതിലിന്റെ ഒരു കൊളുത്ത് അകത്തിയപ്പോൾ തന്നെ വീട്ടുകാർ ഉണർന്നതിനാലാണ് ഇവിടെയും മോഷണശ്രമം പരാജയപ്പെട്ടത്. ചിങ്ങവനം പൊലീസിൽ വിവരം അറിയിച്ചതിനെതുടർന്ന് ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

